ന്യൂസ് ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

Update: 2021-03-28 16:33 GMT

കോഴിക്കോട്: കക്കോടിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയുടെ ഫോട്ടോ എടുക്കാനെത്തിയ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ എം ആര്‍ ദിനേശ് കുമാറിന് നേരെ നടന്ന ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

റോഡ് ഷോയുടെ പടം എടുക്കുകയായിരുന്ന ദിനേശിനെ ഒരു സംഘം പേര്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. കണ്ണിന് പരുക്കേറ്റ ദിനേശ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാകണമെന്ന് ആശുപത്രിയില്‍ ദിനേശ് കുമാറിനെ സന്ദര്‍ശിക്കാനെത്തിയ സ്മൃതി ഇറാനിയോട് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു. തൊഴിലിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ദിനേശ് കുമാറിനെ ആക്രമിച്ചവരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. ദിനേശിന് മികച്ച ചികിത്സ ലഭിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

Tags: