മുംബൈയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം : 2 പേര്‍ക്ക് പരിക്ക്

Update: 2020-11-23 17:23 GMT

മുംബൈ: സിനിമാ മേഖലിയിലെ മയക്കുമരുന്ന് ഉപയോഗവും വിതരണവും അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഉദ്യോഗസ്ഥ സംഘത്തിനു നേരെ ആക്രമണം. മുംബൈയിലെ ഗോരേഗാവിലെ മയക്കുമരുന്ന് വിതരണക്കാരന്റെ വീട്ടില്‍ നടത്തിയ പരിശോധക്കിടെയാണ് ആക്രമണമുണ്ടായത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതത്വത്തിലായിരുന്നു പരിശോധന. 60തോളം പേര്‍ ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വീടിനു സമീപത്തു നിന്നും മയക്കുമരുന്ന് വിതരണക്കാരനായ കാരി മെന്‍ഡിസ് എന്ന 20 കാരനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ നിന്നും നിരോധിത മരുന്നായ എല്‍എസ്ഡി കണ്ടെടുത്തു. പ്രതിയെ കസ്്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപമുണ്ടായിരുന്നവര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇതോടെ മുംബൈയിലെ സബര്‍ബന്‍ ഗോറെഗാവ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം സംഭവസ്ഥലത്തെത്തി ജനക്കൂട്ടത്തെ നേരിട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനു മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

Tags: