ന്യൂഡല്‍ഹി: ചത്തീസ്ഢിലെ ഗരിയാബന്ദ് ജില്ലയില്‍ ഒരു ജനക്കൂട്ടം ആറു മുസ് ലിം വീടുകള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20ലധികം പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏഴു പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ദുത്‌കൈയ ഗ്രാമത്തില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം.
പോലിസ് പറയുന്ന വിവരങ്ങള്‍ പ്രകാരം, 2024ല്‍ ഗ്രാമത്തിലെ ചവേശ്വര്‍ ശിവക്ഷേത്രം നശിപ്പിച്ച കേസില്‍ ആരിഫ് ഖാന്‍ എന്ന യുവാവിനെ ജൂവനൈല്‍ ഹോമിലേക്കയച്ചിരുന്നു. 18 വയസ്സ് തികഞ്ഞ ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഗ്രാമത്തിലെത്തിയ ഖാനും റായ്പൂരില്‍ നിന്നുള്ള രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് നാലു പേരെ ആക്രമിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന്, വടികള്‍, ഇഷ്ടികകള്‍, കല്ലുകള്‍, മണ്ണെണ്ണ കുപ്പികള്‍ എന്നിവയുമായി നൂറുകണക്കിന് ആളുകളുടെ ഒരു സംഘം സ്ഥലത്ത് തടിച്ചുകൂടി. ദുത്കയ്യയില്‍ നിന്നും സമീപ ഗ്രാമങ്ങളില്‍ നിന്നുമുള്ള ആളുകള്‍ അടങ്ങുന്ന സംഘം പൂട്ടിയിട്ടിരുന്ന പത്തു മുസ് ലിം കുടുംബങ്ങളുടെ വീടുകളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
റജിം കുംഭമേളയെ തുടര്‍ന്ന് പോലിസ് സേനയ്ക്ക് ആള്‍ബലം കുറവായിരുന്നുവെങ്കിലും, സംഘം വീടുകളില്‍ കയറുന്നത് തടയാനും സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട താമസക്കാരെ സംരക്ഷിക്കാനും മണിക്കൂറുകളോളം പോലിസ് നിലയുറപ്പിച്ചതായി ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഘത്തെ ശാന്തപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ, കുടുങ്ങിക്കിടന്നവരെ ബസ്സില്‍ സുരക്ഷിതമായി ഒരിടത്തേക്ക് ഒഴിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു മുതിര്‍ന്നവര്‍ക്ക് പരിക്കേറ്റു. അതേസമയം, ആറു പോലിസുകാര്‍ക്ക് പരിക്കേറ്റതായും മറ്റൊരു ഉദ്യോഗസ്ഥന് കല്ലേറില്‍ തലക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലിസ് അറിയിച്ചു.
