എംപിമാര്‍ക്കെതിരായ അതിക്രമം ജനാധിപത്യത്തിന്റെ മുഖത്തേറ്റ പ്രഹരം: കെ സുധാകരന്‍

ജനകീയ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് കരുതിയെങ്കില്‍ അത് ദിവാസ്വപ്‌നമാണ്

Update: 2022-03-24 10:19 GMT
എംപിമാര്‍ക്കെതിരായ അതിക്രമം ജനാധിപത്യത്തിന്റെ മുഖത്തേറ്റ പ്രഹരം: കെ സുധാകരന്‍

തിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ക്കെതിരായ പോലിസ് അതിക്രമം ജനാധിപത്യത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുഡിഎഫ് എംപിമാര്‍ക്കെതിരായ ഡല്‍ഹി പോലിസിന്റെ കാടത്തം അപലപനീയമാണ്. പോലിസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണം. വിജയ് ചൗക്കില്‍ സമാധാനപരമായി പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെയാണ് ഡല്‍ഹിപോലിസ് വളഞ്ഞിട്ട് അക്രമിച്ചത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് യുഡിഎഫ് എംപിമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹിപോലിസിന്റെ മര്‍ദ്ദനം ഏറ്റത്. ഇത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ജനപ്രതിനിധികളെ കായികമായി നേരിട്ടത് ഫാഷിസ്റ്റ് നടപടിയാണ്. എംപിമാരെ കയ്യേറ്റം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി പോലിസിനെ കയറൂരിവിട്ടത് ആരാണെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം. എംപിമാര്‍ക്കെതിരായ അതിക്രമം ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് കാലം രേഖപ്പെടുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

ജനപ്രതിനിധികളാണെന്ന് എംപിമാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും പോലിസ് അതിക്രമം തുടരുകയായിരുന്നു. എറണാകുളം എംപി ഹൈബി ഈഡന്റെ മുഖത്ത് അടിച്ചു. കോണ്‍ഗ്രസ് വനിതാ എംപിയായ രമ്യാഹരിദാനെ പുരുഷ പോലിസ് കയ്യേറ്റം ചെയ്തു. ബെന്നി ബെഹനാന്‍,കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ക്ക് നേരെയും പോലിസ് അഴിഞ്ഞാട്ടം നടത്തി. ജനങ്ങളെയും ജനപ്രതിനിധികളെയും തല്ലിച്ചതച്ച് ആര്‍ക്കും വേണ്ടാത്ത കെ റെയില്‍ നടപ്പാക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അത് മൗഢ്യമാണ്. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന്റെ തീഷ്ണമായ സമരജ്ജ്വാലകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാണാനിരിക്കുകയാണെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

വിയോജിപ്പിന്റെ പ്രതിഷേധം രേഖപ്പെടുത്താനുള്ള ജനപ്രതിനിധികളുടെ അവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണ് പോലിസ് നടപടി. കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും പിണറായി വിജയന്റെ പുരുഷപോലിസ് കൈകാര്യം ചെയ്തതിന് സമാനമാണ് വനിതാ എംപിക്കെതിരായ ഡല്‍ഹി പോലിസിന്റെ കടന്നാക്രമണം. ജനകീയ പ്രക്ഷോഭങ്ങളെ ഇടതുസര്‍ക്കര്‍ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് പോലെയാണ് ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ക്കെതിരായ പോലിസ് നടപടി. ഫാഷിസ്റ്റ് ഭരണാധികാരികളായ പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും പോലിസിന്റെ നടപടികളില്‍ സാമ്യതകള്‍ ഏറെയാണ്. ജനകീയ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് കരുതിയെങ്കില്‍ അത് ദിവാസ്വപ്‌നമാണ്. കെ റെയില്‍ വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും സുധാകരന്‍ ഉറപ്പ് നല്‍കുന്നു. 

Tags: