മാലിന്യം തള്ളുന്നത് തടഞ്ഞതിന് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ കാര്‍ പിടിച്ചെടുത്തു

Update: 2021-08-21 08:36 GMT

കൊച്ചി: മാലിന്യം തള്ളുന്നത് തടഞ്ഞതിന്റെ വിരോധത്താല്‍ കോര്‍പറേഷന്‍ കൗണ്‍സിലറുടെ ഭര്‍ത്താവിനെ വാഹനമിടിപ്പിച്ച സംഭവത്തിലെ കാര്‍ പോലിസ് പിടിച്ചെടുത്തു. കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് കൗണ്‍സിലര്‍ സുജ ലോനപ്പന്റെ ഭര്‍ത്താവ് ലോനപ്പനാണ് ഗുരുതരമായി പരിക്കേറ്റത്. കേസിലെ പ്രതി ആനന്ദ് ഒളിവിലാണ്.

പരിക്കേറ്റ ലോനപ്പന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിച്ച കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് കൊച്ചി സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതും കാറ് കണ്ടെത്തിയതും. മാലിന്യം റോഡില്‍ തള്ളുന്നത് തടഞ്ഞതിനെത്തുടര്‍ന്ന് ആയിരുന്നു ലോനപ്പനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ രാത്രി 9 മണിയോടെയാണ് കൊച്ചി കടവന്ത്രയില്‍ മാലിന്യം തള്ളാനെത്തിയ കാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുജ ലോനപ്പന്റെ ഭര്‍ത്താവ് ലോനപ്പന്‍ ചിലവന്നൂര്‍ തടഞ്ഞത്. കോര്‍പറേഷന്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിക്കുന്ന സ്ഥലത്ത് ആളുകള്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് സ്ഥലത്ത് ലോനപ്പന്റെ നേതൃത്വത്തില്‍ കാവലിരുന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ മാലിന്യം തിരികെയെടുപ്പിച്ച് കാറുടമയെ തിരിച്ചയച്ചു. എന്നാല്‍, വാഹനവുമായി തിരികെയത്തി ലോനപ്പന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്നാണ് പരാതി.


Tags:    

Similar News