മലപ്പുറം: തൃപ്രങ്ങോട്ട് മദ്‌റസ അധ്യാപകനെ പള്ളിയില്‍ കയറി ആക്രമിച്ച സംഘം അറസ്റ്റില്‍. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (20), മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (22), കാവഞ്ചേരി പട്ടേങ്ങര മുഹമ്മദിന്റെ മകന്‍ ഖമറുദ്ധീന്‍ (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്റസ അധ്യാപകനുമായ ഫൈസല്‍ റഹ്മാന് സംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്. മുട്ടനൂര്‍ സ്വദേശി മുഹമ്മദ് ഷാമില്‍ ആണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സി.ഐ ജിജോ അറിയിച്ചു. പ്രണയത്തെ എതിര്‍ത്ത് മദ്‌റസയില്‍ കഴിഞ്ഞ ദിവസം ഫൈസല്‍ റഹ്മാന്‍ ക്ലാസെടുത്തിരുന്നു. മദ്‌റസയില്‍ പഠിക്കുന്ന കാമുകി മുഖേന വിവരം അറിഞ്ഞതോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. സംഘം എത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.