തൃശൂർ: മതിലകത്ത് മൂന്നംഗസംഘം എസ്ഐയെ ആക്രമിച്ചു. മതിലകം സ്റ്റേഷനിലെ ജൂനിയർ എസ്ഐ മിഥുൻ മാത്യുവിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ എസ്.ഐയ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
ലഹരി മാഫിയ സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ്ഐയും സംഘവും അന്വേഷണത്തിനെത്തിയപ്പോഴായിരുന്നു ആക്രമണം. ശ്രീനാരായണപുരം പതിയാശേരിയിൽ വെച്ച് റോഡിൽ നിൽക്കുകയായിരുന്ന മൂവർ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എസ്.ഐയെ ആക്രമിക്കുന്നത് കണ്ട് മറ്റു പോലീസുകാർ ചേർന്ന് ആക്രമി സംഘത്തെ കീഴ്പ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ എസ്.ഐക്ക് മുഖത്ത് പരിക്കേറ്റിട്ടുണ്ട്. പോലീസ് വാഹനത്തിനും അക്രമികൾ കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. എടവിലങ്ങ് കുഞ്ഞയിനി സ്വദേശികളായ സൂരജ് , അജിത്ത് , അഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തു. ഇവരെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.