നടി രേവതി സമ്പത്തിന്റെ വീട്ടിൽ കയറി യുവാക്കളുടെ അക്രമം: കണ്ടാലറിയാവുന്ന എട്ടോളം പേർക്കെതിരെ കേസ്

Update: 2022-11-14 09:27 GMT

വടകര: ഫെമിനിസ്റ്റും, ചലച്ചിത്ര താരവുമായ രേവതി സമ്പത്ത് താമസിക്കുന്ന വാടക വീട്ടിൽ കയറി യുവാക്കളുടെ അക്രമം. വടകര സ്വദേശികളായ കണ്ടാലറിയാവുന്ന എട്ടോളം പേർക്കെതിരെ വടകര പൊലീസ് കേസ്സെടുത്തു. അക്രമത്തിൽ രേവതിയുടെ അച്ഛൻ, അമ്മ, സുഹൃത്ത് സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ശാരീരികോപദ്രവമേല്‍പ്പിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തത്. അക്രമികള്‍ ജീവിക്കാനനുവദിക്കില്ലെന്നും കാലൊടിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും തന്റെ പിന്‍കഴുത്തില്‍ അടിച്ച് പരിക്കേല്‍പ്പിച്ചതായും അവര്‍ പൊലീസിന് കൊടുത്ത പരാതിയില്‍ പറയുന്നുണ്ട്.  മുന്‍പും രേവതിയുടെ വാടക വീടിനു നേരെ സദാചാരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.