ലക്ഷദ്വീപിലെ ജനദ്രോഹ നടപടികള്‍ തുടരുന്നു; കടല്‍തീരത്ത് 20 മീറ്ററിനുള്ളിലെ വീടുകളും കക്കൂസുകളും പൊളിച്ചുനീക്കണമെന്ന് ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ്
കവറത്തി: കടല്‍തീരത്ത് 20 മീറ്ററിനുള്ളില്‍ നിര്‍മിച്ച വീടുകളും വെള്ളടാങ്കുകളും കക്കൂസുകളും പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപിലെ കെട്ടിടമുടമകള്‍ക്ക് അധികൃതരുടെ നോട്ടിസ്. കവറത്തി, സുഹലി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടര്‍മാരാണ് സ്ഥലമുടമകള്‍ക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്.
1965 ലെ ഭൂവിനിയോഗ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കുവേണ്ടി ഭൂമി ഉപയോഗിച്ചിരിക്കുന്നുവെന്നാണ് ഉടമകള്‍ക്കയച്ച നോട്ടിസില്‍ പറയുന്നത്്. കൂടാതെ 2016ലെ ദ്വീപ് മാനേജ്‌മെന്റ് നിയമത്തിലെ വകുപ്പുകളും ഉദ്ധരിച്ചിട്ടുണ്ട്. ഉടമകള്‍ ഈ രണ്ട് നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും നോട്ടിസ് ലഭിച്ച് 5 ദിവസത്തിനകം നിര്‍മാണങ്ങള്‍ നീക്കണമെന്നും അതില്‍ എന്തെങ്കിലും എതിര്‍പ്പുകളുണ്ടെങ്കില്‍ ജൂണ്‍ 30നു മുമ്പ് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസില്‍ രേഖാമൂലം അറിയിക്കണമെന്നുമാണ് നിര്‍ദേശിച്ചിട്ടുള്ളത്.
സ്വമേധയാ നീക്കിയിയില്ലെങ്കില്‍ സര്‍ക്കാര്‍ മുന്‍കയ്യില്‍ പൊളിച്ചുനീക്കുമെന്നും അതിന്റെ ചെലവുകള്‍ ഉടമയില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ട ശേഷം നിരവധി കടുത്ത നിയമങ്ങളാണ് ലക്ഷദ്വീപില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദ്വീപിലെ നിരവധി പേര്‍ക്കെതിരേ കേസെടുക്കുകയും ചെയതു. അഡ്മിനിസ്‌ട്രേറ്ററുടെ ചില പരിഷ്‌കാരങ്ങള്‍ കോടതി ഇടപെട്ട് തടഞ്ഞു.