എടിഎം തകര്‍ക്കാനായില്ല: കവര്‍ച്ചാ സംഘം മെഷീന്‍ ഇളക്കിക്കൊണ്ടു പോയി

പണം എടുക്കാനെത്തിയവരാണ് മെഷീന്‍ തന്നെ മോഷണം പോയ വിവരം ആദ്യം അറിഞ്ഞത്

Update: 2021-03-02 14:48 GMT
ചെന്നൈ: കവര്‍ച്ചാ സംഘം എടിഎം മഷീന്‍ ഇളക്കിക്കൊണ്ടു പോയി. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ മേഖലയിലാണ് സംഭവം. എടിഎം കവര്‍ച്ചയ്‌ക്കെത്തിയ സംഘം മെഷീന്‍ തകര്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മുഴുവനായി കൊണ്ടുപോയത്.


തിരുപ്പൂര്‍ ഉത്തുക്കുളി റോഡിലെ എടിഎമ്മില്‍ കവര്‍ച്ചക്കെത്തിയ നാലംഗ സംഘം ബാങ്ക് ഓഫ് ബറോഡോയുടെ എടിഎം മെഷീനാണ് ഇളക്കിക്കൊണ്ടു പോയത്. പണം എടുക്കാനെത്തിയവരാണ് മെഷീന്‍ തന്നെ മോഷണം പോയ വിവരം ആദ്യം അറിഞ്ഞത്. കൗണ്ടറിന്റെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. ഉള്ളില്‍ മെഷീനും കാണാതെ വന്നതോടെയാണ് മോഷണം നടന്നുവെന്ന് മനസിലാക്കുന്നത്. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.


പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നാലംഗ സംഘമാണ് കൃത്യത്തിന് പിന്നിലെന്ന് വ്യക്തമായത്. ഞായറാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയാണ് മോഷണം നടന്നത്. മാസ്‌ക് ധരിച്ചെത്തിയ നാല് പേര്‍ എടിഎം തുറക്കാന്‍ നോക്കുന്നതും കഴിയാതെ വന്നതോടെ മെഷീന്‍ എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനത്തില്‍ എടിഎം മെഷീന്‍ കയറ്റി കയറുകൊണ്ട് കെട്ടിവയ്ക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.


ഫെബ്രുവരി 19ന് എടിഎമ്മില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച്ച വരെ എടഎമ്മില്‍ നിന്നും 1.5 ലക്ഷം രൂപ പിന്‍വലിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പോലീസിനോട് പറഞ്ഞു. എടിഎം മെഷീന്‍ കൊണ്ടുപോയ കാര്‍ പിന്നീട് ഈറോഡ് ജില്ലയിലെ വിജയമംഗലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.




Tags:    

Similar News