കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ട്വിറ്റര്‍ പൂട്ടിച്ചത് 500 അക്കൗണ്ടുകള്‍

Update: 2021-02-10 06:12 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് നിരവധി അക്കൗണ്ടുകള്‍ക്കെതിരേ നടപടിയെടുത്തതായി ട്വിറ്റര്‍. വിവിധ തരം നടപടികളാണ് അക്കൗണ്ട് ഉടമകള്‍ക്കെതിരേ എടുത്തിട്ടുള്ളത്. എന്നന്നത്തേക്കുമായി പൂട്ടിയ അക്കൗണ്ടുകള്‍ മാത്രം അഞ്ഞൂറ് എണ്ണമുണ്ട്.

കമ്പനിയുടെ നിയമാവലി ലംഘിച്ചതുകൊണ്ടാണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് ഇത്. 69 എ അടക്കമുള്ള ഐടി ആക്റ്റിലെ വകുപ്പുകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് അക്കൗണ്ടുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ മന്ത്രാലയം ട്വിറ്ററിനോട് നിര്‍ദേശിച്ചത്.

ദോഷകരമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഹാഷ് ടാഗുകളുടെ പ്രചാരം കുറയ്ക്കുന്നതിനുള്ള നടപടിയെടുക്കാന്‍ ട്വിറ്റര്‍ സാങ്കേതികവിദഗ്ധര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായ അക്കൗണ്ടുകള്‍ ഇന്ത്യയ്ക്ക് പുറത്ത് ലഭ്യമാവും. നിയമപരമായ ബാധ്യതയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നും എന്നാല്‍ പുറത്ത് അത് ബാധകമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടപ്രശ്‌നമായതിനാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നടപടിയൊന്നുമുണ്ടാവില്ലെന്നും ട്വിറ്റര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News