നികുതി വെട്ടിപ്പ്: മഹാരാഷ്ട്രയിലെ വ്യവസായ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; 390 കോടിയുടെ ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുത്തു

Update: 2022-08-11 05:18 GMT

മുംബൈ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ജല്‍നയിലെ വ്യവസായ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് വ്യാപകമായി നടത്തിയ റെയ്ഡില്‍ കോടികളുടെ ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുത്തു. ചില ബിസിനസ് ഗ്രൂപ്പുകളുമായി ബന്ധമുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. കണക്കില്‍പ്പെടാത്തതും ബിനാമി സ്വത്തുക്കളും ഉള്‍പ്പെടെ 390 കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

56 കോടി രൂപയും 14 കോടി രൂപ വിലമതിക്കുന്ന 32 കിലോഗ്രാം സ്വര്‍ണവും മുത്തുകളും വജ്രങ്ങളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. റെയ്ഡില്‍ ചില സ്വത്ത് രേഖകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സ്റ്റീല്‍ വ്യാപാരി, തുണി വ്യാപാരി, റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍ എന്നിവരുടെ വീടുകളിലും ഓഫിസുകളിലും ആഗസ്ത് ഒന്നിനും എട്ടിനും ഇടയിലാണ് റെയ്ഡ് നടന്നത്.

റെയ്ഡിനിടെ പിടിച്ചെടുത്ത പണത്തിന്റെ കൃത്യമായ കണക്കെടുക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് 13 മണിക്കൂര്‍ സമയമെടുത്തു. ജില്ലയിലെ ചില വ്യവസായികള്‍ നികുതി വെട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് 260 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അഞ്ച് സംഘങ്ങളെ രൂപീകരിച്ചാണ് പരിശോധന നടത്തിയത്.

Tags:    

Similar News