സഭയിലാണെങ്കില്‍ ശരിയായ മറുപടി പറയേണ്ടി വരും; പുറത്ത് റേഡിയോ വിശദീകരണത്തിനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നും പ്രതിപക്ഷനേതാവ്

സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്ത് അഴിമതി വിരുദ്ധ മതില്‍ തീര്‍ത്തിരിക്കുകയാണ്

Update: 2021-08-13 05:09 GMT

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലാണെങ്കില്‍ ശരിയായ മറുപടി പറയേണ്ടി വരുമെന്നും സഭയ്ക്ക്് പുറത്ത് ഒരു റേഡിയോ വിശദീകരണം നല്‍കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മറുപടി പറയാത്തതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് നടത്തിയ അഴിമതി വിരുദ്ധ മതില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ഡോളര്‍ കടത്തില്‍ മറുപടി പറയാന്‍ ധൈര്യമില്ലാതെ മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഡോളര്‍ കടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടായിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സഭയില്‍ മറുപടി പറയുന്നില്ല. ഇത് ഭയം കൊണ്ടാണ്. സഭയിലാണെങ്കില്‍ ശരിയായ മറുപടി പറയേണ്ടി വരും. ഒരു റേഡിയോ വിശദീകരണം നല്‍കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് നിഷേധിച്ചപ്പോഴാണ് ഇന്നലെ പ്രതിപക്ഷത്തിന് നിയമസഭ പ്ലാറ്റ് ഫോം ബഹിഷ്‌കരിക്കേണ്ടിവന്നത്. മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്നത് അഴിമതിയാണ്. ഈ അഴിമതിക്കെതിരേ സഭയ്ക്ക് പുറത്ത് അഴിമതി വിരുദ്ധ മതില്‍ തീര്‍ക്കുകയാണ്. ഇത് ഒരു പ്രതീകാത്മക സമരമാണ്.

തട്ടിപ്പ് കേസ് പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കേസെടുത്തത്. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്നതും സമാന ആരോപണമാണ്. അന്ന് കേസെടുത്ത സര്‍ക്കാര്‍ ഇന്ന് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. ഇത് ഇരട്ടനീതിയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.


Tags:    

Similar News