നിയമസഭയില്‍ മാധ്യമവിലക്കെന്ന പ്രചാരണം ആസൂത്രിതം; ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍

തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു.

Update: 2022-06-27 10:24 GMT

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി സ്പീക്കര്‍ എം ബി രാജേഷ്. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭയില്‍ മാധ്യമ വിലക്ക് ഇല്ല. അങ്ങനെയുള്ള പ്രചാരണം സംഘടിതവും ആസൂത്രിതവുമാണ്. ചീഫ് മാര്‍ഷലിനെ വിളിച്ചു വരുത്തി. അതിനു ശേഷവും വാര്‍ത്ത തുടര്‍ന്നു. ആശയക്കുഴപ്പം തുടക്കത്തിലുണ്ടായി. പാസ് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പാസ് ഉള്ളവര്‍ക്ക് ഉണ്ടായത് താത്കാലിക ബുദ്ധിമുട്ടാണ്. അത് അപ്പോള്‍ തന്നെ പരിഹരിച്ചു. 

സഭാ നടപടികള്‍ ലഭ്യമാക്കുന്നത് സഭാ ടി വി വഴിയാണ്. ചാനല്‍ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമില്‍ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഇന്ന് നിയമസഭയില്‍ പ്രവേശിപ്പിച്ചു. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. പാസ് ചോദിക്കും.

ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും പ്രതിഷേധം ഇന്ന് കാണിച്ചിട്ടില്ല. സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടികള്‍ കാണിക്കാനാണ്. പ്രതി പക്ഷ നേതാവ് മൈക്ക് ആവശ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തെ സഭാ ടിവിയില്‍ കാണിച്ചില്ല. പാര്‍ലമെന്റില്‍ തുടരുന്നതാണ് നിയമസഭയിലും തുടരുന്നത്. പെരുമാറ്റച്ചട്ടം 10 പേജ് 148 (സഭയില്‍ ബാഡ്ജും പ്ലക്കാര്‍ഡും ) പ്രദര്‍ശിപ്പിക്കാനാകില്ല. എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമ സമ്മര്‍ദ്ദം നടപ്പാക്കാന്‍ സഭാ ചട്ടം അനുവദിക്കുന്നില്ല.

ചട്ട ലംഘനത്തിന് സഭാ അധ്യക്ഷന് കൂട്ടുനില്‍ക്കാനാകില്ല. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഗൗരവതരമാണ്. അത് സഭയുടെ പ്രിവിലേജിനെ ബാധിക്കും. പ്രസ് ഗ്യാലറിയില്‍ നിന്ന് പകര്‍ത്തിയതായും പരാതി കിട്ടിയിട്ടുണ്ട്. അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഭാ അംഗങ്ങള്‍ സഭയ്ക്കകത്ത് മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടമെന്നും എം ബി രാജേഷ് പറഞ്ഞു. 

Tags:    

Similar News