നിയമസഭാ തെരഞ്ഞെടുപ്പ്; ഇനിയുള്ള മണിക്കൂറുകളില്‍ കര്‍ശന നിരീക്ഷണം

Update: 2021-04-03 11:03 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ രണ്ടാം തിയ്യതി മുതല്‍ തന്നെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തുന്ന ബൈക്ക് റാലികള്‍ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യ വിതരണം, സൗജന്യ പാര്‍ട്ടികള്‍, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല.

സ്ഥാനാര്‍ഥിക്കൊപ്പം പര്യടനം നടത്തുന്ന വാഹനങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ആയുധങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക സ്‌ക്വാഡുകളുടെ നിരീക്ഷണവും ഏര്‍പ്പെടുത്തും. ചെക്ക്‌പോസ്റ്റുകളിലും പരിശോധന കൂടുതല്‍ ശക്തമാക്കി.

സുതാര്യവും സുഗമവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുന്നതിന് അതത് നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍മാരല്ലാത്ത വ്യക്തികളുടെ സാന്നിധ്യം പ്രചാരണ സമയത്തിന് ശേഷം മണ്ഡലത്തില്‍ അനുവദിക്കില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തിരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‌സ്‌മെന്റുകളോ പാടില്ല. ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.

തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറു മീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു വാഹനം എന്നിവ മാത്രമേ തിരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്‌റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

Tags:    

Similar News