നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

Update: 2026-03-04 02:39 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ ധാരണയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പരിശോധിക്കും. ഉറച്ച വിജയസാധ്യയില്ലാത്ത സീറ്റില്‍ മാത്രം രണ്ടു ടേം നിബന്ധനയില്‍ ഇളവ് നല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം. എന്നാല്‍ ചില ഉറച്ച സീറ്റുകളിലും ടേം നിബന്ധന ഒഴിവാക്കണമെന്ന് ജില്ലകളില്‍ നിന്ന് ആവശ്യമുണ്ട്. അതേസമയം, സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.

ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിനും കൊല്ലം ജില്ലാ സെക്രട്ടറി ജയമോഹനും സീറ്റ് നല്‍കണമെന്ന ആവശ്യവും സംസ്ഥാന നേതൃത്വം പരിശോധിക്കും. ഇന്നത്തെ സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടികക്ക് നാളെ ചേരുന്ന സംസ്ഥാന സമിതി അംഗീകാരം നല്‍കും. പട്ടിക ജില്ലാ ഘടകങ്ങളിലും മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ചചെയ്തശേഷം, എട്ടിനോ ഒന്‍പതിനോ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈയാഴ്ചയോടുകൂടി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുമെന്ന് നേരത്തെ സിപിഎം വ്യക്തമാക്കിയിരുന്നു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പേരാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. തളിപ്പറമ്പില്‍ എം വി ഗോവിന്ദന് പകരം ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശ്യാമള മല്‍സരിക്കും. മട്ടന്നൂരില്‍ വി കെ സനോജും തലശ്ശേരിയില്‍ കാരായി രാജനും സ്ഥാനാര്‍ഥികളാകും. സ്ഥാനാര്‍ഥി പട്ടിക സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പാലക്കാട്ടെ തൃത്താല, നെന്‍മാറ, മലമ്പുഴ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

Tags: