വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ, നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ ആറ് മണിക്ക് അവസാനിക്കും

പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേന മാത്രം

Update: 2021-02-27 09:36 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തില്‍ 298 നക്‌സല്‍ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സല്‍ ബാധിത ബൂത്തുകളുള്ളത്. നക്‌സല്‍ ബാധിത ബൂത്തുകളിലും ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലും പോളിങ് സ്‌റ്റേഷന്‍ വളപ്പിനുള്ളില്‍ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കല്‍ ലൊക്കേഷന്‍ ബൂത്തുകളും 433 വള്‍നറബിള്‍ ബൂത്തുകളുമുണ്ട്.

ഇത്തവണ 50 ശതമാനം പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. പോളിങ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കണം. നല്ല രീതിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംരക്ഷിക്കും. കാഴ്ചപരിമിതരായ വോട്ടര്‍മാര്‍ക്കായി ബ്രയില്‍ സലിപ്പുകള്‍ വിതരണം ചെയ്യും. എല്ലാ പോളിങ് ബൂത്തുകളിലും ഇത്തരത്തിലെ ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിങ് ഓഫിസറുടെ മേശപ്പുറത്തുണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് ഇതില്‍ ട്രയല്‍ ചെയ്യാന്‍ അവസരം നല്‍കും. ഇത്തരത്തില്‍ 45000 ഡമ്മി ബ്രയില്‍ സഌപ്പുകള്‍ പ്രിന്റ് ചെയ്യും. ഫോട്ടോ ഒഴിവാക്കിയുള്ള വോട്ടര്‍ സ്‌ലിപ്പുകളാവും ഇത്തവണ വിതരണം ചെയ്യുക. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വോട്ടര്‍ ഗൈഡും വിതരണം ചെയ്യുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.

കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിങ് ഓഫിസര്‍മാര്‍ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതല്‍ കണ്ടെത്തുന്ന വോട്ടര്‍മാരെ മാറ്റി നിര്‍ത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതല്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും. പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയുന്നതിനായി മാസ്‌ക്ക് താഴ്ത്തിക്കാണിക്കണം. സ്ത്രീകള്‍, പുരുഷന്‍മാര്‍, മുതിര്‍ന്നപൗരന്‍മാര്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ബൂത്തുകളില്‍ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. വോട്ടുചെയ്യാന്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യ പാസ് നല്‍കും.

പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായുള്ള ചര്‍ച്ച കമ്മീഷന്‍ പരിശോധിക്കും.

ക്രിമിനല്‍ കേസുകളുള്ളവര്‍ അത് പത്രികയില്‍ സൂചിപ്പിക്കണം. പോസ്റ്റല്‍ ബാലറ്റുകളുടെ ക്രമീകരണത്തിനായി ഒരു അഡീഷണല്‍ എആര്‍ഒയെ വീതം നിയമിക്കും. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായി മൂന്നു ദിവസത്തിന് ശേഷം പോസ്റ്റല്‍ ബാലറ്റ് വിതരണം ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുമായി ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരം വോട്ടറെയും സ്ഥാനാര്‍ത്ഥിയെയും മുന്‍കൂട്ടി അറിയിക്കും. അത്യാവശ്യ സേവന വിഭാഗത്തില്‍ പെടുന്ന ആരോഗ്യം, പോലിസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതിവകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, വനംവകുപ്പ്, ട്രഷറി, തിരഞ്ഞെടുത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അംഗീകൃത മാധ്യമ സ്ഥാപനങ്ങള്‍, ആംബുലന്‍സ് എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭിക്കും.

അനധികൃത ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യാന്‍ പ്രത്യേക ഫ്‌ളൈയിങ് സ്‌ക്വാഡുകളെ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ട്. ബിഎസ്എഫിന്റെ 15, ഐടി ബിപി, എസ്എസ്ബി, സിഐഎസ്എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്.

നിലവിലെ കണക്കു പ്രകാരം കേരളത്തില്‍ 2,67,31,509 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,29,52,025 പുരുഷന്‍മാരും 1,37,79,263 സ്ത്രീകളും 221 ട്രാന്‍ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 6,21,401 പേര്‍ 80 വയസ് കഴിഞ്ഞവരാണ്. 90709 പ്രവാസി വോട്ടര്‍മാരും 1,33,000 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. 52782 ബാലറ്റ് യൂനിറ്റുകളും 49475 കണ്‍ട്രോള്‍ യൂണിറ്റുകളും 53189 വിവിപാറ്റും കേരളത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.

Tags: