നിയമസഭാ കയ്യാങ്കളി കേസ്: കക്ഷി ചേരണമെന്ന ചെന്നിത്തലയുടെ ഹരജിയില്‍ വിധി ഒമ്പതിന്
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ കക്ഷി ചേരണമെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും അഭിഭാഷക പരിഷത്തിന്റെയും ഹരജിയില്‍ ഒമ്പതിന് വിധി. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കോടതി ഇന്ന് സിറ്റിങ് ഇല്ലാത്തതിനാലാണ് ഹര്‍ജി ഒന്‍പതിലേക്ക് മാറ്റിയത്. പ്രതികളുടെ വിടുതല്‍ ഹരജികളില്‍ തടസ്സ ഹര്‍ജിയുമായാണ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്.
ബാര്‍ കോഴ വിവാദം നിറഞ്ഞ് നില്‍ക്കെ 2015 മാര്‍ച്ച് 13നാണ് നിയമസഭയില്‍ കയ്യാങ്കളി നടന്നത്. അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.
കേസില്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പോലിസ് കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിറകെയാണ് വി ശിവന്‍ കുട്ടിയുടെ അപേക്ഷയില്‍ കേസ് പിന്‍ലിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.