നിയമസഭ കൈയാങ്കളിക്കേസ്: മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് എല്‍ഡിഎഫ് നേതാക്കളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നിയമസഭയിലുണ്ടായതെന്നും വിടുതല്‍ ഹര്‍ജി അംഗീകരിക്കരുതെന്നും പ്രോസിക്യൂഷനും വാദിച്ചിരുന്നു.

Update: 2021-10-13 09:03 GMT

തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് എല്‍ഡിഎഫ് നേതാക്കളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതികള്‍ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട തിരുവനന്തപുരം സിജെഎം കോടതി, 22ന് നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശിച്ചു. അന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.

ബാര്‍ കോഴക്കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ സ്പീക്കറുടെ ഇരിപ്പടവും കംപ്യൂട്ടറും മൈക്കുമെല്ലാം നശിച്ച കേസിലാണ് നിര്‍ണായ ഉത്തരവ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെടി ജലീലീല്‍, എംഎല്‍എമരായ സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നിവരാണ് പ്രതികള്‍. കേസില്‍ നിരപരാധികളാണെന്നും കെട്ടിചമച്ച കുറ്റപത്രം തള്ളികളയണമെന്നുമായിരുന്നു പ്രതികളുടെ വാദം. നിയമസഭയില്‍ കൈയാങ്കളി നടന്നതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തവയാണ്. വാച്ച് ആന്റ് വാര്‍ഡന്‍മാരുമായി തര്‍ക്കം മാത്രമാണുണ്ടായത്. അന്ന് സംഘര്‍ഷമുണ്ടായപ്പോള്‍ ഒപ്പമുണ്ടായിരുന്ന തോമസ് ഐസക്കിനെയും സുനില്‍കുമാറിനെയും കെ സത്യനെയും പ്രതിയാക്കാതെ തങ്ങളെ മാത്രം പ്രതിയാക്കി. ജനപ്രതികളെ സാക്ഷികളാക്കാതെ വാച്ച് ആന്റ് വാര്‍ഡന്‍മാരെ മാത്രമാണ് സാക്ഷിയാക്കിയെന്നുമുള്ള പ്രതികളുടെ വാദങ്ങളെല്ലാം സിജെഎം കോടതി തള്ളി.

ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നിയമസഭയിലുണ്ടായതെന്നും വിടുതല്‍ ഹര്‍ജി അംഗീകരിക്കരുതെന്നും പ്രോസിക്യൂഷനും വാദിച്ചിരുന്നു. 22ന് പ്രതികള്‍ നേരിട്ട ഹാജരായി കുറ്റപത്രം വായിച്ചു കേട്ടാല്‍ വിചാരണ നടപടികളിലേക്ക് കോടതി കടക്കും. 2015 മാര്‍ച്ച് 13ന് നിയമസഭയിലുണ്ടായ കൈയാങ്കളിക്കിടെ രണ്ടു ലക്ഷത്തി 20000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ സുപ്രീംകോടതി വിചാരണ നേരിടാന്‍ പ്രതികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News