നിയമസഭാ കൈയാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

Update: 2022-10-26 06:54 GMT
നിയമസഭാ കൈയാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

തിരുവനന്തപുരം: കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി. നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷന്‍ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേസ് നവംബര്‍ 30 ലേക്ക് മാറ്റിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് നേതാക്കളായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ തുടങ്ങിയ ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു.

പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറാനുള്ള നടപടി പൂര്‍ത്തിയാക്കിയ ശേഷം വിചാരണ തിയ്യതി തീരുമാനിക്കും. നിയമസഭയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ അടങ്ങിയ 126 ഡിവിഡികളുണ്ട്. ഇത് കോപ്പി ചെയ്ത് ശാസ്ത്രീയ പരിശോധനക്ക് അയച്ചശേഷമേ പ്രതികള്‍ക്ക് നല്‍കാനാവൂ. അതിനാലാണ് സമയം ആവശ്യപ്പെടുന്നതെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ തുടങ്ങാന്‍ ഒരുമാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരം കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കവെയാണ് ഡിവിഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷന്‍ ഒരുമാസത്തെ സമയം വീണ്ടും ആവശ്യപ്പെട്ടത്.

കേസില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചപ്പോള്‍ ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ കുറ്റം നിഷേധിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച ശേഷമാണ് ജയരാജന്‍ കുറ്റം നിഷേധിച്ചത്. അന്നത്തെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ജയരാജന്‍ ആരോപിക്കുകയും ചെയ്തിരുന്നു.

അന്നത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് സ്പീക്കറും സര്‍ക്കാരും ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു. കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്‍. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നത് തടയാന്‍ നിയമസഭയില്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.

Tags: