നിയമസഭാ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Update: 2022-04-27 13:27 GMT

തിരുവനന്തപുരം: 2021ലെ നിയമസഭാ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സ്പീക്കര്‍ എം.ബി. രാജേഷാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ആര്‍. ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ പുരസ്‌കാരം ദിനേശ് വര്‍മയ്ക്കു ലഭിച്ചു. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച 'ഭാഷയെ പുതുക്കുന്ന സോഷ്യല്‍ മീഡിയ' എന്ന ലേഖനത്തിനാണു പുരസ്‌കാരം. ദൃശ്യമാധ്യമത്തില്‍ സി. അനൂപിനാണു പുരസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്ത 'എന്റെ മലയാളം' എന്ന പരിപാടിയാണു തിരഞ്ഞെടുക്കപ്പെട്ടത്.

ഇ.കെ. നായനാര്‍ നിയമസഭാ മാധ്യമ പുരസ്‌കാരം അച്ചടി വിഭാഗത്തില്‍ വി.പി. നിസാറിനു ലഭിച്ചു. മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'സ്വര്‍ഗം തേടി നരകം വരിച്ചവര്‍' എന്ന പരമ്പരയ്ക്കാണു പുരസ്‌കാരം. ദൃശ്യമാധ്യമ വിഭാഗത്തില്‍ കൈരളി ടി.വിയില്‍ സംപ്രേഷണം ചെയ്ത 'അടിമത്തത്തിന്റെ രണ്ടാം വരവ്' എന്ന പരിപാടിക്ക് കെ. രാജേന്ദ്രന്‍ പുരസ്‌കാരത്തിന് അര്‍ഹനായി.

ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ പുരസ്‌കാരം അച്ചടി മാധ്യമ വിഭാഗത്തില്‍ എം.ബി. സന്തോഷിനു ലഭിച്ചു. മെട്രോ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച 'നിയമസഭയും സഭാടിവിയും' എന്ന ലേഖനത്തിനാണു പുരസ്‌കാരം.

50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.