വീട്ടില്‍ കയറി ആക്രമണം; രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

Update: 2021-01-19 10:02 GMT

കോഴിക്കോട്: കെട്ടാങ്ങല്‍ പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ആക്രമണം. ഇന്ന് പുലര്‍ച്ചയോടെ കാനാംകുന്നത്ത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആക്രമസംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കെ സി ഫാസിലിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്. പന്ത്രണ്ടും ഒമ്പതും പ്രായമുള്ള തന്റെ കുട്ടികളെ കെട്ടിയിട്ടു. ഉമ്മയെ മര്‍ദ്ദിച്ച് വായില്‍ തുണി തിരുകി കെട്ടിയിടുകയായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില രേഖകളാണ് സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ എന്ത് രേഖകളാണ് ഇവര്‍ക്ക് വേണ്ടതെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നുമാണ് അന്‍വര്‍ പറഞ്ഞു.