അസം വെടിവയ്പ് മുസ്‌ലിം ഉന്മൂലന അജണ്ടയുടെ ഭാഗം; സംസ്ഥാനത്തെ 150 കേന്ദ്രങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചു

Update: 2021-09-25 13:49 GMT

കോഴിക്കോട്: അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. അസം വെടിവെപ്പ് മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന പ്രമേയത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഡിവിഷന്‍ തലങ്ങളിലുമായി 150ഓളം കേന്ദ്രങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങളും കോര്‍ണര്‍ യോഗങ്ങളും സംഘടിപ്പിച്ചത്. സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, നരനായാട്ട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ഇരകളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ബിജെപി നേതൃത്വം നല്‍കുന്ന അസമിലെ ഫാഷിസ്റ്റ് ഭരണകൂടം പോലിസിനെ ഉപയോഗിച്ച് നടത്തിയ നരനായാട്ട് അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജന.സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഇതിനെതിരെ എല്ലാകോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

വെടിവെപ്പിലും ആക്രമണത്തിലും രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ 800ഓളം മുസ്ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചത്. ഇപ്പോഴും കുടിയൊഴിപ്പിക്കല്‍ തുടരുകയാണ്.

പുനരധിവാസത്തിന് യാതൊരുവിധ പദ്ധതികളും ആസൂത്രണം ചെയ്യാതെയാണ് 4500ഓളം വരുന്ന നിര്‍ധനരായ പ്രദേശവാസികളെ അവരുടെ വീടുകളില്‍ നിന്നും ആട്ടിപ്പായിച്ചത്.

മുസ്ലിം ഉന്മൂലനം ലക്ഷ്യം വെച്ച് ആര്‍എസ്എസ് വലിയ തോതിലുള്ള വംശഹത്യ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന അന്താരാഷ്ട്ര പഠനങ്ങള്‍ ഇത്തരം സംഭവങ്ങളുടെ ഭീകരത വ്യക്തമാക്കുന്നുണ്ട്. എന്‍ആര്‍സി, സിഎഎ എന്നിവയുടെ പശ്ചാത്തലത്തില്‍ ഇത്തരം ഉന്‍മൂലന നീക്കങ്ങള്‍ രാജ്യവ്യാപകമാവുന്നതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. 

Tags: