അസമില്‍ രണ്ട് മാസത്തിനിടയില്‍ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത് 12 പേരെ: അസം മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ഗുവാഹത്തി: അസമില്‍ രണ്ട് മാസത്തിനുള്ളില്‍ 12 പേരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിനെതിരേ അസം മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം നബ കമല്‍ ബോറ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും കത്തയച്ചു. രണ്ട് മാസത്തിനുള്ളില്‍ ഇത്രയേറെപ്പേരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ആഗസ്റ്റ് 7ാം തിയ്യതിക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തുന്ന അസമില്‍ നിന്നുളള അഭിഭാഷകന്‍ ആരിഫ് ജ്വാഡ്ഡര്‍ ഇതുസംബന്ധിച്ച് കമ്മീഷന് ഒരു പരാതി നല്‍കിയിരുന്നു.
ദിമാസ നാഷണല്‍ ലിബറേഷന്റെ ആറ് പ്രവര്‍ത്തകരും യുണൈറ്റഡ് പീപ്പിള്‍സ് റെവല്യൂഷണറി ഫ്രന്‍ഡിന്റെ രണ്ട് പേരുമാണ് ഏറ്റവും അവസാനം ഗര്‍ബി അംഗ്ലോങ് ജില്ലയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. നാല് പേര്‍ മറ്റ് രണ്ട് സംഭവങ്ങളിലായി കൊല്ലപ്പെട്ടു.
മോറിഗാവോണില്‍ വച്ച് പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയില്‍ സയ്യദ് അലിയെ വെടിവച്ചുകൊന്നിരുന്നു.
ഹിമാന്ദ ബിശ്വാസ് അധികാരത്തിലെത്തിയ മെയ് 10 നുശേഷമാണ് സംസ്ഥാനത്ത് ഇത്രയും കൊലപാതകങ്ങള്‍ നടന്നത്.
സാധാരണ കുറ്റവാളികളെ പിടികൂടി വിചാരണ നടത്താതെ വെടിവച്ചുകൊന്ന് ഏറ്റുമുട്ടല്‍ കൊലയെന്ന് റിപോര്‍ട്ട് എഴുതുകയാണ് ചെയ്യുന്നതെന്ന് ആരിഫ് ജ്വാഡ്ഡര്‍ ജൂലൈ 10ന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അധികാരമേറ്റെടുത്തശേഷം ആഭ്യന്തര മന്ത്രികൂടിയായ ഹിമാന്ത ബിശ്വാസ് ശര്‍മ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. കൂട്ടത്തില്‍ കാലിലാണ് വെടിവയ്‌ക്കേണ്ടതെന്ന് മൃദുവായി ഉപദേശിക്കുകയും ചെയ്തു.
