അസം പ്രളയം: 24 മണിക്കൂറിനുള്ളില്‍ 4 കുട്ടികളടക്കം 5 പേര്‍ മരിച്ചു; ആകെ മരണം 126

Update: 2022-06-27 03:41 GMT

ഗുവാഹത്തി: പ്രളയം ദുരന്തം വിതച്ച അസമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് കുട്ടികളടക്കം അഞ്ച് പേര്‍ കൂടി മരിച്ചു. ബാര്‍പേട്ട, കച്ചാര്‍, ദരാംഗ്, കരിംഗഞ്ച്, മോറിഗാവ് ജില്ലകളില്‍ ഓരോ മരണം രേഖപ്പെടുത്തി. 22 ലക്ഷത്തിലധികം പേര്‍ പ്രളയബാധിതരാണ്.

സംസ്ഥാനത്ത് ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇപ്പോള്‍ 126 ആയി ഉയര്‍ന്നു. ഇതില്‍ 17 ഓളം പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചു.

ഏഴു ലക്ഷത്തോളം പേര്‍ ദുരിതത്തിലായ ബാര്‍പേട്ടയാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ജില്ല, തൊട്ടുപിന്നില്‍ നാഗോണും (5.13 ലക്ഷം പേര്‍), കച്ചാറും (2.77 ലക്ഷത്തിലധികം ആളുകള്‍) ഉണ്ട്.

ബജാലി, ബക്‌സ, ബാര്‍പേട്ട, ബിശ്വനാഥ്, കച്ചാര്‍, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ദിമ ഹസാവോ, ഗോള്‍പാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, കാംരൂപ് മെട്രോപൊളിറ്റന്‍, കര്‍ബി ആംഗ്‌ലോംഗ്, വെസ്റ്റ്, കരീംഗന്‍പുര്‍ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം ബാധിച്ചത്. മജുലി, മോറിഗാവ്, നാഗോണ്‍, നാല്‍ബാരി, സോനിത്പൂര്‍, സൗത്ത് സല്‍മാര, താമുല്‍പൂര്‍, ഉദല്‍ഗുരി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാനത്തൊട്ടാകെ 74,706 ഹെക്ടറിലെ കൃഷിയെ വെള്ളപ്പൊക്കം ബാധിച്ചു.

സംസ്ഥാനത്തെ 564 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,17,413 പേരാണ് കഴിയുന്നത്.

സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്) മറ്റ് സംസ്ഥാന ഏജന്‍സികളും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.

Tags:    

Similar News