ദേശീയ പൗരത്വ രജിസ്റ്റര്‍ പുനപ്പരിശോധിക്കുമെന്ന് അസം മുഖ്യമന്ത്രി

Update: 2022-03-28 07:06 GMT

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്റര്‍ പുനപ്പരിശോധിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ദേശീയ പൗരത്വ രജിസ്റ്റര്‍ പുനപ്പരിശോധിക്കുമെന്ന് നേരത്തെയും പറഞ്ഞിരുന്നുവെന്നും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയനുമായി(ആസു) ചര്‍ച്ച തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു യുവജന പരിപാടിയില്‍ പങ്കെടുത്ത ശേഷം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2019 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുനപ്പരിശോധന ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി വ്യാഴാഴ്ച അസം കൃഷി മന്ത്രി അതുല്‍ ബോറ പറഞ്ഞിരുന്നു. ആസുവുമായും മറ്റ് സംഘടനകളുമായും നടത്തിയ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

2019 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ തങ്ങള്‍ അംഗീകരിക്കില്ലെന്നാണ് ആസുവിന്റെ നിലപാട്. പുനപ്പരിശോധന ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടയില്‍ അസം കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് അസം സര്‍ക്കാരും ആര്‍സു നേതൃത്വവും വ്യാഴാഴ്ച യോഗം ചേര്‍ന്നു. 

എന്‍ആര്‍സിയുടെ അവസാന പട്ടികയില്‍ നിരവധി അനധികൃത ബംഗ്ലാദേശികളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അനധികൃത ബംഗ്ലാദേശികളെ ഒഴിവാക്കിയ പട്ടികയാണ് തങ്ങള്‍ക്ക് വേണ്ടതെന്നും ആര്‍സു ഉപദേഷ്ടാവ് സമുജ്ജല്‍ ഭട്ടാചാര്യ വ്യക്തമാക്കി.

'എന്‍ആര്‍സി പട്ടിക പുനപ്പരിശോധന നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ആവശ്യപ്പെട്ട് ഞങ്ങള്‍ സുപ്രിം കോടതിയില്‍ ഒരു ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. തെറ്റുകളില്ലാത്ത പൗരത്വ രജിസ്റ്റര്‍ ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കണമെന്ന് ഞങ്ങള്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു-ഡോ. ഭട്ടാചാര്യ പറഞ്ഞു. 

1951ല്‍ തയ്യാറാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു രജിസ്റ്ററാണ്. 2018 ജൂലൈ 30ന് എന്‍ആര്‍സിയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ 40.7 ലക്ഷം പേരെ അതില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. മൊത്തം 3.29 കോടി അപേക്ഷകളില്‍ 2.9 കോടി ആളുകളുടെ പേരുകളാണ് കരട് എന്‍ആര്‍സിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3.3 കോടി അപേക്ഷകരില്‍ 19.06 ലക്ഷം പേരെ ഒഴിവാക്കിയ പൗരന്മാരുടെ പുതുക്കിയ പട്ടിക 2019 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചു. 

Tags:    

Similar News