മുസ് ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെന്ന് അസം മുഖ്യമന്ത്രി

Update: 2021-07-11 09:24 GMT

ഗുവാഹത്തി: മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മിക്ക മതങ്ങളുടെയും അനുയായികള്‍ ഹിന്ദുക്കളുടെ പിന്‍ഗാമികളാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ. തന്റെ സര്‍ക്കാരിന്റെ രണ്ടാം മാസം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് ശര്‍മയുടെ അവകാശവാദം.

'ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. എനിക്കെന്നല്ല, ആര്‍ക്കും അത് തടയാനാവില്ല. ഇത് യുഗങ്ങളായി ഒഴുകുന്നു. നമ്മളെല്ലാവരും ഹിന്ദുക്കളുടെ പിന്‍ഗാമികളാണ്. ക്രിസ്ത്യാനികളും മുസ് ലിംകളും ചരിത്രത്തില്‍ ഏതെങ്കിലുമൊരു സമയത്ത് ഹിന്ദുക്കളായിരുന്നവരാണ്- 'അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വത്തെ ആര്‍ക്കും 'നീക്കംചെയ്യാന്‍' കഴിയില്ല, കാരണം ഇത് 'ഒരാളെ അയാളുടെ വേരുകളില്‍ നിന്നോ മാതൃരാജ്യത്തുനിന്നോ അറുത്തുമാറ്റും പോലെയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'ലവ് ജിഹാദ്' വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ പദപ്രയോഗത്തില്‍ ചില സംശയങ്ങളുണ്ടെന്നും എന്നാല്‍ ഒരു സ്ത്രീയെയും വഞ്ചിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ''ഹിന്ദുമായാലും മുസ് ലിമായാലും ഒരു സ്ത്രീയെയും ആരും വഞ്ചിക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ല. സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അത്തരം കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും''.

എംഎല്‍എമാര്‍ നിയമനിര്‍മാണത്തിനുവേണ്ടിയാണെന്നും മന്ത്രിമാര്‍ നിയോജകമണ്ഡലങ്ങളുടെ വികസനത്തിനുവേണ്ടിയാണെന്നുമുളള തന്റെ മുന്‍ പ്രസ്താവനയെ അദ്ദേഹം ന്യായീകരിച്ചു. ഇന്ത്യന്‍ ഭരണഘടന പറയുന്നത് അതാണെന്നും എംഎല്‍എമാര്‍ മന്ത്രിമാര്‍ക്ക് മുകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രസ്താവനക്കെതിരേ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.