അസം: ദേശീയ പൗരത്വപ്പട്ടികയിലെ അപാകം പരിഹരിക്കുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രിക

Update: 2021-03-23 14:40 GMT

ഗുവാഹത്തി: അസമില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വപ്പട്ടികയില്‍ വന്നുചേര്‍ന്ന അപാകം പരിഹരിക്കുമെന്ന് വാഗ്ദാനവുമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക. പ്രധാനമായും പത്ത് നിര്‍ദേശങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അസമിലെ പ്രളയപ്രശ്‌നം പരിഹരിക്കുന്നതുതുടങ്ങി തദ്ദേശവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.

ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയാണ് ഔപചാരികമായി പത്രിക പുറത്തിറക്കിയത്. ദേശീയ പൗരത്വപ്പട്ടികയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി പുതിയ പട്ടിക തയ്യാറാക്കുമെന്നും അസമിനെ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഇന്ത്യക്കാര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാവില്ലെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കുമാത്രമേ നടപടി നേരിടേണ്ടിവരൂ എന്നും അദ്ദേഹം പറഞ്ഞു.

2019 ആഗസ്റ്റ് 31ന് പുറത്തിറക്കിയ ദേശീയ പൗരത്വപ്പട്ടികയുനസരിച്ച് സംസ്ഥാനത്തെ 19 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്നാണ് കണക്ക്. നിലവിലുള്ള പട്ടിക അംഗീകരിക്കുന്നില്ലെന്ന ബിജെപി മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ നിലപാടോടെ പട്ടിക തൃശ്ശങ്കുവിലായി. പൗരത്വം നഷ്ടപ്പെട്ടവര്‍ക്ക് ഫോറിന്‍ ട്രിബ്യൂണലിനെ സമീപിക്കുകയാണ് ഏക വഴി.

അധികാരത്തില്‍ വരുന്ന ആദ്യ ദിനത്തില്‍ത്തന്നെ പൗരത്വഭേദഗതി നിയമം പാസ്സാക്കുമെന്നാണ് ബംഗാളില്‍ ബിജെപി പ്രകടനപത്രികയില്‍ പറയുന്നത്. എന്നാല്‍ അസമിലെ പ്രകടനപത്രികയില്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് സൂചനയില്ല.

Tags: