ഗുവാഹത്തി: അസമില്‍ ഇനി മുതല്‍ ബഹുഭാര്യത്വം നിയമവിരുദ്ധം. ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന് ഹിമന്ത ബിശ്വ ശര്‍മ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ബഹുഭാര്യത്വം കുറ്റമായി പരിഗണിക്കുന്ന ഈ നിയമപ്രകാരം, കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
ദ അസം പ്രൊഹിബിഷന്‍ ഓഫ് പോളിഗമി ബില്‍ 2025 എന്നാണ് ബില്ലിന്റെ പേര്. ബില്‍ നവംബര്‍ 25നു നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. അസമിലെ ആറാം ഷെഡ്യൂള്‍ പ്രകാരം പ്രദേശങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബഹുഭാര്യത്വം മൂലം ജീവിതം വഴിമുട്ടിയ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും ഹിമന്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
'ബഹുഭാര്യത്വം നിരോധിക്കുന്നതിലൂടെ സ്ത്രീകളുടെ സാമൂഹിക സുരക്ഷയും മാന്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം,' എന്ന് ഹിമന്ത പറഞ്ഞു. ബഹുഭാര്യത്വത്തിന് ഇരയായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും സംരക്ഷണവും ലഭ്യമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.