അസം നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മൂന്നു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക കൂടി പുറത്തുവിട്ടു
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കോണ്‍ഗ്രസ്സ് മല്‍സരിക്കുന്ന മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ കൂടി പുറത്തുവിട്ടു. ഭാസ്‌കര്‍ ജ്യോതി ബറുവ തിട്ടാബറില്‍ നിന്നും ഭാരത് ച്ഛ നരാഹ നവോബോയ്ച്ചില്‍ നിന്നും പദ്മലോചന്‍ ഡോലെ ധക്കുവാഖാനയില്‍നിന്നും ജനവിധി തേടും.
40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ 43 സീറ്റുകളിലും ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് അസമില്‍ 126 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍. പുറത്തുവന്ന പട്ടികയനുസരിച്ച് പ്രതിപക്ഷനേതാവ് ദേബാബ്ട്ടാട്ട സൈക്കിയ നാസിറ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ മന്ത്രി രാകിബുല്‍ ഹുസൈന്‍ സിലിഗുരിയില്‍ നിന്ന് മല്‍സരിക്കും. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രിപുന്‍ ബോറ ഗോഹ്പൂരില്‍ നിന്നും മുന്‍ മന്ത്രി ബിസ്മിത ഗൊഗോയ് ഖുമ്തായ് മണ്ഡലത്തില്‍ നിന്നും മല്‍സരിക്കും.
മുന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അന്‍ജന്‍ ദത്തയുടെ മകള്‍ അംഗിതയാണ് അംഗുരി സീറ്റില്‍ നിന്ന് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹജത് സഖ്യത്തില്‍ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, സിപിഐ, സിപിഎം, സിപിഎംഎല്‍ ലിബറേഷന്‍, അഞ്ചലിക് ഗണ മോര്‍ച്ച, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങി പാര്‍ട്ടികളും ഉള്‍പ്പെടുന്നു. ബിജെപി അവരുടെ 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥപ്പട്ടിക നേരത്തെത്തന്നെ പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിനു തിരശ്ശീലയിട്ട് 2016 തിരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു വിജയം.
