ആസ്പിരിന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് യുകെയില്‍ പഠനം

Update: 2020-11-06 15:36 GMT

ലണ്ടണ്‍: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പെയിന്‍കില്ലറായ ആസ്പിരിന്‍ വിലയിരുത്തുന്നതിനായി ബ്രിട്ടനില്‍ പഠനങ്ങള്‍ നടക്കുന്നു. കൊവിഡ് രോഗമുള്ളവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ആസ്പിരിന്‍ കുറയ്ക്കുമോ സംബന്ധിച്ച പഠനങ്ങളാണ് നടക്കുന്നത്. യുകെയിലെ വിദഗ്ധരാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്. കൊവിഡ് ചികിത്സ സംബന്ധിച്ച നിരവധികാര്യങ്ങള്‍ പഠന വിധേയമാക്കുന്നതിന് ഒപ്പമാണ് ആസ്പിരിന്റെ സാധ്യതയും വിലയിരുത്തുന്നതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപേര്‍ട്ടു ചെയ്തു.

2000ത്തോളം രോഗികള്‍ക്ക് മറ്റു മരുന്നുകള്‍ക്കൊപ്പം 150 മില്ലിഗ്രാം ആസ്പിരിനും ദിവസേന നല്‍കാനാണ് ഉദ്ദേശിക്കുന്നത്. മറ്റു മരുന്നുകള്‍ മാത്രം കഴിച്ച 2000 ത്തോളം രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ആസ്പിരിനും ദിവസേനെ ഉപയോഗിച്ച രോഗികളുടേതുമായി താരതമ്യപ്പെടുത്തും. ഇത്തരത്തില്‍ ആസ്പിരിന്റെ സാധ്യത മനസിലാക്കാനാണ് നീക്കം.

കൊവിഡ് ബാധിക്കുന്ന രോഗികളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ആസ്പിരിന്റെ സാധ്യതകള്‍ തേടുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. ആസ്പിരിന്‍ പ്രയോജനപ്പെടുമെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് പരീക്ഷണത്തിന്റെ കോചീഫ് ഇന്‍വെസ്റ്റിഗേറ്ററായ പീറ്റര്‍ ഹോര്‍ബി പറഞ്ഞു.