കൊവിഡ് പ്രതിരോധ ലായനിയില്‍ വിഷം ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു; ലോകാരോഗ്യ സംഘടനയ്‌ക്കെതിരേ ആഞ്ഞടിച്ച് മഡഗാസ്‌കര്‍ പ്രസിഡന്റ്

Update: 2020-05-25 11:11 GMT

അന്റാനനാരിവോ: കൊവിഡ് പ്രതിരോധ ലായനിയില്‍ വിഷവസ്തു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടെന്ന ഗുരുതരമായ ആരോപണവുമായി മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി റജോലിന. യുറോപ് ഇത്തരം സംഘടനകള്‍ ഉണ്ടാക്കുന്നത് ആഫ്രിക്കക്കാരെ അവരുടെ ആശ്രിതരാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഡ് പ്രതിരോധ ലായനിയില്‍ വിഷം ചേര്‍ക്കാന്‍ ലോകാരോഗ്യ സംഘടന 2 കോടി ഡോളര്‍ തനിക്ക് വാഗ്ദാനം നല്‍കിയെന്നാണ് പ്രസിഡന്റിന്റെ ആരോപണം.

''മഡഗാസ്‌കര്‍ കൊവിഡിന് ഒരു പ്രതിരോധ ലായനി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, യൂറോപ്പിലുള്ളവര്‍ എന്നോട് അതില്‍ വിഷാംശം ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ സഹോദരങ്ങളെ കൊല്ലാനാണ് ഇത്. അവരുടെ കൊറോണ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാരണം അത് ആഫ്രിക്കക്കാരെ കൊല്ലാനുള്ളതാണ്. ലോകത്താകമാനമുള്ള മഡഗാസ്‌കറുകാരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളെ സ്വീകരിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. നാം വികസിപ്പിച്ചിട്ടുളള കൊറോണ പ്രതിരോധ മരുന്ന് മഞ്ഞനിറമാണ്. എന്നാല്‍ അവരുടേത് പച്ചയാണ്. അത് കുടിക്കരുത്. നമ്മെ കൊല്ലുകയാണ് അവരുടെ ലക്ഷ്യം''-അദ്ദേഹം പറഞ്ഞു.

അവര്‍ സഹായിക്കുമെന്നു കരുതിയാണ് നാം ലോകാരോഗ്യസംഘടനയില്‍ ചേര്‍ന്നത്. എന്നാല്‍ അവര്‍ക്ക് താല്‍പര്യം സഹായിക്കുന്നതിലല്ല, ആഫ്രിക്കക്കാരെ കൊല്ലുന്നതിലാണ്- പ്രസഡന്റ് ആരോപിച്ചു.

ആര്‍ട്ടിമിസിയ സസ്യത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ഒരു ലായനി കൊവിഡ് രോഗത്തിന് ഫലപ്രദമാണെന്ന് മഡഗാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ ചെലവില്‍ അത് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുകയും ചെയ്തു. ഇത് കുടിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മാത്രമല്ല, അത് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയുംചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടന ഈ പ്രതിരോധ ഔഷധത്തിന് അംഗീകാരം നല്‍കിയിട്ടില്ല.

മഡഗാസ്‌കറില്‍ ഇതുവരെ 527 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 142 പേരുടെ രോഗം ഭേദമായി. 2 പേര്‍ മരിച്ചു.  

Tags:    

Similar News