ഇന്ധന നികുതി കുറയ്ക്കാത്തതെന്തെന്ന് സംസ്ഥാനങ്ങളോട് ചോദിക്കൂ; പരിഹസിച്ച് കേന്ദ്ര ധനമന്ത്രി

Update: 2021-11-16 04:02 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയിട്ടും നികുതി കുറയ്ക്കാത്തതെന്തെന്ന് സംസ്ഥാനങ്ങളോട് ചോദിക്കൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തിങ്കളാഴ്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പരിഹാസം. ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചിട്ടുണ്ടെന്നും വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.

 'ജിഎസ്ടി കൗണ്‍സില്‍ നിരക്ക് നിശ്ചയിക്കുന്നതുവരെ പെട്രോളും ഡീസലും ചരക്ക് സേവന നികുതിയില്‍ (GST) ഉള്‍പ്പെടുത്താന്‍ കഴിയില്ല,'- മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷപ്രാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ നിക്ഷേപ അന്തരീക്ഷം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ധനമന്ത്രിമാരുമായും നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ രാജ്യത്താകമാനം ഉയര്‍ന്നുവന്ന കടുത്ത എതിര്‍പ്പിനെത്തുടന്നാണ് ഡീസല്‍ വിലയില്‍ 5 രൂപയും പെട്രോള്‍ വിലയില്‍ 10 രൂപയും കേന്ദ്രം കുറവ് വരുത്തിയത്. ദീപാവലി സമ്മാനെന്ന നിലയിലായിരുന്നു അത് അവതരിപ്പിച്ചത്. തുടര്‍ന്ന് ചില സംസ്ഥാനങ്ങള്‍ വാറ്റ് നികുതിയില്‍ കുറവ് വരുത്തി. എന്നാല്‍ ബിജെപിയേതര സംസ്ഥാനങ്ങളില്‍ ചിലത് കുറയ്ക്കാന്‍ തയ്യാറായില്ല. കേരളം അതുപോലെയൊരു നിലപാടാണ് എടുത്തത്.

കഴിഞ്ഞ ആഴ്ചകളില്‍ നടന്ന ചില ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി കടുത്ത പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലായിരുന്നു കേന്ദ്രം തീരുവ കുറയ്ക്കാന്‍ തയ്യാറായതെന്നാണ് കരുതപ്പെടുന്നത്.

വന്‍തോതില്‍ വില വര്‍ധിപ്പിച്ച് ചെറിയ തോതില്‍ വില കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നായിരുന്നു സംസ്ഥാനങ്ങളുടെ വിമര്‍ശനം.

Tags:    

Similar News