കാപ്പാ കേസ് പ്രതിക്ക് വിവരം ചോര്‍ത്തി നല്‍കി; എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

Update: 2025-12-02 05:12 GMT

പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ തിരുവല്ല പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിക്കുന്ന രീതിയില്‍ റിമാന്‍ഡ് റിപോര്‍ട്ട് വിവരം ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍.

കേസില്‍ കോടതി നടപടികള്‍ക്കുശേഷമാണ് റിമാന്‍ഡ് റിപോര്‍ട്ടിന്റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് കൈമാറുക. എന്നാല്‍, കോടതിയിലെത്തിച്ചപ്പോള്‍ തന്നെ റിമാന്‍ഡ് റിപോര്‍ട്ടുകളിലൊന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോടതി നടപടിക്ക് മുന്‍പേ തന്നെ റിമാന്‍ഡ് റിപോര്‍ട്ടിന്റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് എഎസ്‌ഐ ബിനുകുമാര്‍ കൈമാറിയ വിവരം വ്യക്തമായത്. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതല്‍ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

Tags: