അശ്വമേധം അഞ്ചാംഘട്ടം : ജനു.18 ന് തുടക്കമാകും

Update: 2023-01-14 08:35 GMT

തൃശൂർ: കണ്ടുപിടിക്കപ്പെടാത്ത കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗ നിർമാർജ്ജനം ചെയ്യുന്ന കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ 'അശ്വമേധം' അഞ്ചാം ഘട്ടത്തിന് ജനു.18ന് തുടക്കമാകും. ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിന് ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ ഏകോപന സമതി യോഗം ചേർന്നു.

അശ്വമേധം കുഷ്ഠരോഗനിർണ്ണയ പ്രചരണ പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും സന്നദ്ധപ്രവർത്തകയും വീടുകൾ സന്ദർശിച്ച് രണ്ട് വയസിന് മുകളിലുള്ള എല്ലാവരെയും ചർമ്മ പരിശോധന നടത്തും. കുഷ്ഠരോഗസമാന ലക്ഷണങ്ങളുണ്ടെങ്കിൽ സൂപ്പർവൈസർ മുഖാന്തിരം മെഡിക്കൽ ഓഫീസറുടെ സഹായത്തോടെ രോഗനിർണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യും.

ഒരു ദിവസം 15 വീടുകൾ സന്ദർശിക്കാനാണ് തീരുമാനം. ഇതുപ്രകാരം ഒരു ടീം ഇരുന്നൂറോളം വീടുകളിൽ സന്ദർശനം നടത്തും. കുഷ്ഠരോഗ മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ സമൂഹത്തിൽ അവശേഷിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പയിൽ നടത്തുന്നത്. ജനുവരി 18 മുതൽ 31 വരെയാണ് ക്യാമ്പയിൻ .ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Tags: