ബിജെപി തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അശോക് ഗലോട്ട്
ജയ്പൂര്‍: ബിജെപി തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. കൊവിഡ് രോഗഭീതി പരത്തി നെഗറ്റീവ് രാഷ്ട്രീയം പ്രചരിപ്പിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ ബലത്തില്‍ ബിജെപി നേതാക്കള്‍ ചെയ്തു കൂട്ടുന്നത് അവരുടെ ജനാധിപത്യവിരുദ്ധതയ്ക്ക് തെളിവാണെന്നും മുഖ്യമന്ത്രി ഗലോട്ട് പറഞ്ഞു.
അവര്‍ അന്യായമായ കീഴ്‌വഴക്കങ്ങളാണ് പ്രയോഗിക്കുന്നത്. അതിലൂടെ രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാരിനെ മറിച്ചിടാനൊരുങ്ങുകയാണ്. സര്‍ക്കാര്‍ വീഴാന്‍ തുടങ്ങുകയാണെന്നുമുള്ള പ്രചാരണം സംസ്ഥാനത്താകമാനം ശക്തമാണ്. ഇത്തരം ശ്രമങ്ങളൊന്നും വിജയിക്കുകയില്ലെന്ന കാര്യം ബിജെപിക്കാര്‍ക്കറിയാം. ജനങ്ങള്‍ അത് സ്വീകരിക്കുകയില്ലെന്നും അറിയാം. എങ്കിലും അവര്‍ ശ്രമം തുടരുകയാണ്. ഇത് ആഗോളതലത്തില്‍ തന്നെ മാഹാമാരിയുടെ കാലമാണ്. സര്‍ക്കാര്‍ പ്രതിപക്ഷമായും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബിജെപിയുടെ ശ്രമങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ നിലവാരം ഇടിച്ചിരിക്കുന്നു- അദ്ദേഹം പറഞ്ഞു.