സര്‍ക്കാരിനെതിരേ സമരം ശക്തമാക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍

Update: 2025-10-23 09:37 GMT

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ സമരം ശക്തമാക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. തിരഞ്ഞെടുപ്പ് അടുക്കാന്‍ സമയമായെന്നും തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങൡ ഇനിയും തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാരിനെതിരേ പ്രചാരണം നടത്തുമെന്നും ആശമാര്‍ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കെ ആശമാരുടെ പ്രചാരണം സര്‍ക്കാരിന് തിരിച്ചടിയാകും എന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം, ആശാവര്‍ക്കര്‍മാര്‍ സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുകയാണ് ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ചാണ് നീക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്നലെയുണ്ടായ പ്രതിഷേധ മാര്‍ച്ചിനു നേരേ പോലിസ് അഞ്ചു തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. ശക്തമായ തിരിച്ചടികള്‍ക്കിടയിലും ആശാവര്‍ക്കര്‍മാര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ സമരം തുടങ്ങിയിട്ട് എട്ടുമാസം കഴിഞ്ഞു. വിഷയത്തില്‍ ഇടപെട്ട സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചിരുന്നു . എന്നാല്‍ സമിതി നല്‍കിയ റിപോര്‍ട്ടിനു പുറത്ത് പിന്നീട് ഒരു തരത്തിലുള്ള മുന്നോട്ടു പോക്കും ഉണ്ടായില്ല. അതിനാല്‍ തന്നെ സമരവുമായി മുന്നോട്ടു പോകാന്‍ ആശാവര്‍ക്കര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

Tags: