ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ നിയമം തടയുന്നില്ലെന്ന് സുപ്രിംകോടതി

Update: 2022-05-20 15:54 GMT

ന്യൂഡല്‍ഹി: ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ ആരാധനാലയ നിയമം, 1991 തടയുന്നില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതില്‍നിന്ന് ആരാധനാലയ നിയമം 1991ലെ സെക്ഷന്‍ 3 തടയുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

ഒരു പാര്‍സി ആരാധനാലയത്തില്‍ ഒരു കുരിശ് ഉണ്ടെന്ന് സങ്കല്‍പ്പിക്കാന്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയോട് കോടതി ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ അതിനെ അഗ്യാരി കുരിശ്, എന്നോ ആ വിഭാഗത്തെ അഗ്യാരി ക്രിസ്ത്യാനികളെന്നോ വിളിക്കുമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. അഗ്യാരി എന്നത് പാര്‍സി അഗ്നിക്ഷേത്രമാണ്. ഇത്തരമൊരു സങ്കര സ്വഭാവം ഇന്ത്യക്ക് അജ്ഞാതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യത്തില്‍ ആഗസ്റ്റ് 15, 1947ല്‍ ഒരു തരത്തിലുള്ള തര്‍ക്കവുമുണ്ടായിരുന്നില്ലെന്ന് അഹ്മദി ചൂണ്ടിക്കാട്ടി. നിയമത്തിലെ വകുപ്പ് 3, 4 എന്നിവ ആരാധനാലയങ്ങളുടെ മതസ്വഭാവം മാറ്റുന്നതിനെ തടയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിന് മറുപടിയായാണ് മതസ്വഭാവം നിര്‍ണയിക്കുന്നതിനെ ഈ അനുച്ഛേദം തടയുന്നില്ലെന്ന് കോടതി പറഞ്ഞത്.

ഗ്യാന്‍വാപി മസ്ജിദില്‍ വീഡിയോ സര്‍വേ നടത്തുന്നതിനെതിരേയാണ് കമ്മിറ്റി കോടതിയെ സമീപിച്ചത്.

Similar News