സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി 13,600 പട്ടയം വിതരണം ചെയ്യും

Update: 2022-02-24 18:11 GMT

തിരുവനന്തപുരം; സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 13,600 പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നാം നൂറുദിന പരിപാടിയോടനുബന്ധിച്ച് 12,000 പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും 15,000 എണ്ണം നല്‍കാനായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,11,077 പട്ടയമാണ് ആകെ നല്‍കിയത്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

വിവിധ ലാന്‍ഡ് ബോര്‍ഡുകള്‍ക്ക് മുന്നിലുള്ള കേസുകള്‍ തീര്‍പ്പായാല്‍ 8,200 ഏക്കര്‍ ഭൂമി ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനാകും. ഭൂമിയില്ലാത്ത 3.5 ലക്ഷം കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും നല്‍കാന്‍ ആകെ 1,500 ഏക്കര്‍ വേണ്ടിവരും. ലാന്‍ഡ് ബോര്‍ഡിലെ കേസുകള്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ പരിജ്ഞാനവും പരിശീലനവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 162 ഏക്കര്‍ ഭൂമി വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഭൂമിയും ഭവനവുമില്ലാത്തവര്‍ക്ക് ഇവ ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന മനസോടിത്തിരി മണ്ണ് കാമ്പയിന് നാടിന്റെ എല്ലാ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദശാബ്ദങ്ങളായി കൈവശമുള്ള ഭൂമിക്ക് രേഖയില്ലാത്തവരെ കണ്ടെത്തി ഇവ നല്‍കുന്നതിനുള്ള നടപടിയും ആരംഭിക്കുകയാണ്. കൈവശാവകാശ രേഖ ഇല്ലാത്തതിനാല്‍ ജനം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. യുണീക്ക് തണ്ടപ്പേര്‍ ഏര്‍പ്പെടുത്തുന്നതോടെ സുതാര്യത കൈവരും. ഈ പദ്ധതി നടപ്പാക്കാന്‍ വിജ്ഞാപനമായിട്ടുണ്ട്. 89 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 27 ഇടത്ത് നടപടി പുരോഗമിക്കുന്നു. 1,550 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് 570 കോടിയുടെ ബൃഹദ് പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 339 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കി. നാലു വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍വേ, റവന്യു, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ സോഫ്റ്റ്‌വെയറുകള്‍ സംയോജിപ്പിച്ച് ഏകീകൃത പോര്‍ട്ടല്‍ നിലവില്‍ വരും. വില്ലേജ് ഓഫീസുകളെല്ലാം സ്മാര്‍ട്ട് ആക്കുന്നതിനുള്ള നടപടികളും നടന്നു വരികയാണ്. റവന്യു വകുപ്പിന്റെ പ്രവര്‍ത്തനത്തിലെ ചെറിയ മാറ്റം, അത് നല്ലതായാലും ചീത്തയായാലും, ജനങ്ങള്‍ക്ക് ഇടയില്‍ പ്രതിഫലിക്കും. വകുപ്പ് അതിനനുസരിച്ച് നവീകരിക്കപ്പെടണം. വകുപ്പ് പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 1244 തസ്തികകളാണ് സൃഷ്ടിച്ചത്. നവകേരളത്തിനൊപ്പം സന്തോഷ കേരളം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.