പ്രവാചകനിന്ദക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ യുപിയില്‍ അറസ്റ്റ് ചെയ്തത് 304 പേരെ

Update: 2022-06-12 13:15 GMT

ലഖ്‌നോ: ബിജെപി നേതാവ് നൂപുര്‍ ശര്‍മനടത്തിയ പ്രവാചകനിന്ദക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ കഴിഞ്ഞ വെളളിയാഴ്ച യുപിയില്‍ അറസ്റ്റ് ചെയ്തത് 304 പേരെ. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ക്രമസമാധാനം) പ്രശാന്ത്കുമാറാണ് അറസ്റ്റിലായവരുടെ കണക്കുകള്‍ പുറത്തുവിട്ടത്.

'സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നായി 304 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി ഇതുമായി ബന്ധപ്പെട്ട് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: പ്രയാഗ്‌രാജില്‍ 91 പേരും സഹരന്‍പൂരില്‍ 71 പേരും ഹാഥ്രസില്‍ 51 പേരും അംബേദ്കര്‍ നഗറിലും മൊറാദാബാദിലും 34 പേര്‍ വീതവും ഫിറോസാബാദില്‍ 15 പേരും അലിഗഡില്‍ ആറ് പേരും ജലൗണില്‍ രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്.

13 കേസുകളില്‍ മൂന്ന് വീതം പ്രയാഗ് രാജ്, സഹരന്‍പൂര്‍, ഫിറോസാബാദ് എന്നിവിടങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരോന്ന് വീതം ഫിറോസാബാദ്, അംബേദ്കര്‍ നഗര്‍, മൊറാദബാദ്, ഹാഥ്രസ്, അലിഗഢ്, ലഖിംപുര്‍, ലക്ഷിംപൂര്‍, ഖേരി, ജലൗന്‍ എന്നിവടങ്ങളില്‍നിന്ന് ഒരോ കേസും രജിസ്റ്റര്‍ ചെയ്തു.