'അറസ്റ്റ് തടയില്ല'; ഹരജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനപരാതിയിലാണ് ഉത്തരവ്

Update: 2025-12-06 09:52 GMT

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനപരാതിയില്‍ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് നടപടി. പീഡനപരാതിയില്‍ കാലതാമസം വിഷയമാകില്ലെന്നും കോടതി അറിയിച്ചു.

പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു ബലാല്‍സംഗമേ നടന്നിട്ടില്ലെന്നും ഇങ്ങനെയൊരു പരാതിക്കാരിയുണ്ടോ എന്ന് സംശയമാണെന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ആണോ പെണ്ണോ എന്ന കാര്യത്തിലും സംശയമുണ്ടെന്നും പറയുന്നു.

പരാതിക്കാരിയുടെ പേരോ സംഭവസ്ഥലമോ വ്യക്തമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇ മെയില്‍ ഐഡിയിലും പേര് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്.

Tags: