ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കെതിരേ അക്രമത്തിന് പ്രേരിപ്പിച്ച ആദേശ് സോണിയെ അറസ്റ്റ് ചെയ്യണം

Update: 2025-02-25 10:48 GMT

ന്യൂഡൽഹി : ക്രൈസ്തവ വിശ്വാസിനികളെ കൂട്ടക്കൊല ചെയ്യാനും ബലാത്സംഗം ചെയ്യാനും പരസ്യമായി ആഹ്വാനം ചെയ്ത ആര്‍എസ്എസ് നേതാവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ആദേശ് സോണിയുടെ വിദ്വേഷകരവും അപകടകരവുമായ പ്രസ്താവനകളെ വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി അഫ്ഷാന്‍ അസീസ് ശക്തമായി അപലപിച്ചു. അക്രമത്തിനായുള്ള ഇത്തരം ആഹ്വാനങ്ങള്‍ ഭീകരതയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും വിദ്വേഷ പ്രസ്താവന നടത്തിയയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യ ഇതിനകം തന്നെ അത്തരം വിദ്വേഷ പ്രസ്താവനയുടെ ഭയാനകമായ പ്രത്യാഘാതങ്ങള്‍ കണ്ടിട്ടുണ്ട്. 2024 ല്‍ മണിപ്പൂരില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും നഗ്‌നരായി നടത്തിക്കുകയും ചെയ്തിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിലും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സമാനമായ വ്യാപകമായ അക്രമങ്ങള്‍ നടന്നു. ആര്‍എസ്എസ് പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന ബിജെപി സര്‍ക്കാര്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു.

''അന്ന്, മോദി സര്‍ക്കാര്‍ അക്രമം തടയാന്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍, ഒരിക്കല്‍ കൂടി, ആര്‍എസ്എസ് പിന്തുണയുള്ള അതേ ബിജെപി നേതൃത്വത്തിന് കീഴില്‍ വിദ്വേഷം പ്രോത്സാഹിപ്പിക്കപ്പെടുന്നു, നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുന്നു,'' അഫ്ഷാന്‍ അസീസ് പറഞ്ഞു.

വര്‍ഗീയവും ലിംഗാധിഷ്ഠിതവുമായ അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിയമപാലകരോടും നീതിന്യായ വ്യവസ്ഥയോടും സമൂഹത്തോടും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഭ്യര്‍ഥിച്ചു. അത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന അവ്‌ദേശ് സൈനിയെപ്പോലുള്ളവരെ കര്‍ശനമായ നിയമനടപടികള്‍ക്ക് വിധേയമാക്കണം.

ഇന്ത്യയില്‍ വെറുപ്പിനും വിദ്വേഷത്തിനും അക്രമത്തിനും സ്ഥാനമുണ്ടാകരുത്. നീതി, സമാധാനം, മനുഷ്യത്വം എന്നിവയ്ക്കായി നിലകൊള്ളാന്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് എല്ലാ പൗരന്മാരോടും അഭ്യര്‍ഥിക്കുകയാണെന്നും അഫ്ഷാന്‍ അസീസ് കൂട്ടിച്ചേര്‍ത്തു.

Tags: