മധ്യപ്രദേശിലെ രേവ ജില്ലയില്‍ വോട്ടര്‍ലിസ്റ്റില്‍ നിന്ന് വെട്ടിമാറ്റിയത് 100ഓളം മുസ് ലിംകളെ, റിപോര്‍ട്ട്

Update: 2026-02-09 07:58 GMT

രേവ: എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ക്കിടെ മധ്യപ്രദേശിലെ രേവ ജില്ലയില്‍ വോട്ടര്‍ലിസ്റ്റില്‍ നിന്ന് വെട്ടിമാറ്റിയത് 100ഓളം മുസ് ലിംകളെയെന്ന് റിപോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും സമാനമായ രീതിയില്‍ വോട്ടര്‍മാരെ ഇല്ലാതാക്കിയ വിവരം പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം. യാതൊരു വിധ അന്വേഷണവും പരിശോധനയും നടത്താതെയാണ് കാലങ്ങളായി ഇവിടെ താമസിച്ചുവരുന്ന പ്രദേശവാസികളെ നീക്കം ചെയ്തതെന്ന് ആളുകള്‍ പറയുന്നു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് അവര്‍ പരാതി നല്‍കി.

ഗുഡ് പഞ്ചായത്തില്‍ നിന്ന് 46 പേരുകളും, ബര്‍ഹാദിയില്‍ നിന്ന് 73 പേരുകളും, റായ്പൂര്‍ കര്‍ചുലിയയില്‍ നിന്ന് 125 പേരുകളും, രാംനയില്‍ നിന്ന് 62 പേരുകളും, ജുഗ്‌നിഹായില്‍ നിന്ന് 33 പേരുകളും നീക്കം ചെയ്തതായി റിപോര്‍ട്ടുണ്ട്. ഫോം സെവന്‍ ഉപയോഗിച്ചാണ് പേരുകള്‍ നീക്കം ചെയ്തിരിക്കുന്നതെന്നും ആളുകള്‍ ആരോപിച്ചു. 100 എന്ന കണക്കല്ല, മറിച്ച് 500 ലധികം പേരെ വരെ വോട്ടര്‍ലിസ്റ്റില്‍ നിന്ന് വെട്ടിയിട്ടുണ്ടാകുമെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതൊരു വെറുമൊരു പ്രശ്‌നം എന്നതിനപ്പുറത്ത് ഒരു സമുദായത്തെ നാണം കെടുത്തുന്ന പരിപാടിയാണെന്നും അവര്‍ പറഞ്ഞു.

പലയിടത്തും വോട്ടര്‍മാരുടെ പോരുകള്‍ നീക്കം ചെയ്യാന്‍ വലിയ രീതിയില്‍ ബിഎല്‍ഒക്ക് സമ്മര്‍ദ്ദമുണ്ടെന്നും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബിഎല്‍ഒമാര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 450-470 മുസ് ലിം വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായെന്ന് ബിഎല്‍ഒ ആയ കീര്‍ത്തി കുമാര്‍ പറയുന്നു.

ഈ സംഭവങ്ങളില്‍ മനുഷ്യാവകാശ സംഘടനകള്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടര്‍മാരെ ആസൂത്രിതമായി നീക്കം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ജനാധിപത്യ പ്രക്രിയകളെ ദുര്‍ബലപ്പെടുത്തുകയും തിരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു,' പൗരാവകാശ പ്രവര്‍ത്തകയായ അനന്യ സെന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ഉടനടി അന്വേഷിക്കുകയും ദുര്‍ബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: