ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അര്‍നബായിരിക്കും- നായിക്കിന്റെയും ഭര്‍തൃമാതാവിന്റെയും രണ്ടാം ചരമവാര്‍ഷികദിനത്തില്‍ ഭാര്യ അക്ഷത നായിക്ക്
മുംബൈ: ഭര്‍ത്താവ് അന്‍വേ നായിക്കും മാതാവ് കുമുദ് നായിക്കും ആത്മഹത്യ ചെയ്തതിന് കാരണക്കാരായ അര്‍നബ് അടക്കം മൂന്ന് പേര്‍ക്കെതിരേ പരാതി നല്‍കിയ ശേഷം നിരവധി പേര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി നായിക്കിന്റെ ഭാര്യ അക്ഷത നായിക്ക്. ഇരുവരും ആത്മഹത്യ ചെയ്ത് രണ്ട് വര്‍ഷം തികയുന്ന നവംബര്‍ അഞ്ചിന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഭാര്യ അക്ഷത നായിക്കും മകള്‍ അദ്ന്യ നായിക്കും.
രണ്ടാം വാര്‍ഷിക ദിനത്തിന് മുമ്പ് കുറ്റവാളികളായ അര്‍നബിനെ അറസ്റ്റ് ചെയ്തതില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. 2018 മെയ് 15നാണ് അന്‍വേ നായിക്കും മാതാവ് കുമുദ് നായിക്കും തങ്ങളുടെ ഫാംഹൗസില്‍ വച്ച് ആത്മഹത്യ ചെയ്തത്.
''ഇന്ന് അഞ്ചാംതിയ്യതി. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം. രണ്ട് വര്‍ഷം മുമ്പ് ഈ ദിവസമാണ് എന്റെ ഭര്‍ത്താവും ഭര്‍തൃമാതാവും ഫാംഹൗസില്‍ വച്ച് മരണപ്പെട്ടത്. ആത്മഹത്യക്ക് ഉത്തരവാദി അര്‍ണാബ് ഗോസ്വാമി ആണെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമായി എഴുതിവച്ചിരുന്നു. അര്‍നബിന്റെ റിപബ്ലിക്ക് ടിവിയില്‍ നൂറിലധികം ആളുകള്‍ രാവും പകലുമില്ലാതെ അധ്വാനിച്ചു. സ്റ്റുഡിയോയുടെ നിര്‍മാണം കഴിഞ്ഞ് തുടര്‍ച്ചയായ ഒരു വര്‍ഷം വരെ എന്റെ ഭര്‍ത്താവും ഞാനും ഞങ്ങളുടെ ടീമും അര്‍നബിനോട് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പണം ലഭിക്കാതെ വന്നപ്പോഴാണ് ഭര്‍ത്താവും ഭര്‍തൃമാതാവും ആത്മഹത്യ ചെയ്തത്- അക്ഷത തന്റെ ദുഃഖം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു.
2018ല്‍ കേസ് നല്‍കിയിട്ടും എന്തുകൊണ്ടാണ് നീതി ലഭിക്കാതിരുന്നതെന്ന് ഇനിയും മനസ്സിലായിട്ടില്ല. അര്‍നബ് അടക്കമുള്ള പ്രതികള്‍ പണം നല്‍കിയിരുന്നെങ്കില്‍ രണ്ട് പേരും ഇപ്പോഴും ജീവനോടെ ഇരിക്കുമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം അര്‍നബിന്റെയും കൂട്ടരുടെയും നിഗൂഢ വൃത്തത്തില്‍ അകപ്പെട്ടുപോയി- അക്ഷത പറഞ്ഞു.
താന്‍ കൊടുത്ത കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലിസ് മടികാണിച്ചുവെന്ന് അവര്‍ വെളിപ്പെടുത്തി. അലിബാഗിലെ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വാരേഡിന്റെയും മുന്‍ എസ്പി അനില്‍ പരാസ്‌കറുടെയും പേര് അക്ഷത എടുത്തുപറഞ്ഞു. അവര്‍ ഈ കേസ് അട്ടിമറിക്കുക മാത്രമല്ല, കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുക പോലും ചെയ്തു. കേസ് അന്വേഷണം അട്ടമിറിക്കുന്നതില്‍ റായിഗഡ് പോലിസിന്റെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും അക്ഷത ആവശ്യപ്പെട്ടു. ''ഞാന്‍ സുരേഷ് വാരേഡിയോടും അനില്‍ പരാസ്‌കറിനോടും കേണപേക്ഷിച്ചതിന്റെ ഫലമായി പരാതി രജിസ്റ്റര്‍ ചെയ്തു. അതിപ്പോള്‍ എന്തായി? രണ്ട് വര്‍ഷത്തിനിപ്പുറം അത് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് ഉത്തരം വേണം. ഞാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു''
കേസ് നല്‍കിയശേഷം തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് അക്ഷത വെളിപ്പെടുത്തി. ഫോണിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തി. ഫോണ്‍ ടാപ്പ് ചെയ്തു. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും എനിക്കും എന്റെ മകള്‍ക്കുമൊപ്പം നിലകൊള്ളൂ. നീതി ലഭിക്കുന്നതിന് ഞങ്ങളെ സഹായിക്കു. ഇന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അര്‍നബ് ഗോസ്വാമി മാത്രമായിരിക്കും. ഞാന്‍ അര്‍നബിനോടും ഇന്ത്യയിലെ ജനങ്ങളോടും സുരേഷ് വാരേഡിയോടും അനില്‍ പരാസ്‌കരിനോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഈ അവസ്ഥ നിങ്ങളുടെ വീട്ടില്‍ ആയിരുന്നെങ്കില്‍ ഈ പരാതി ചവിറ്റുകൊട്ടയില്‍ പോകുമായിരുന്നോ?. ഞാന്‍ മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടുന്നു എനിക്ക് നീതി വാങ്ങിത്തരൂ.. ഞങ്ങളോടൊപ്പം നില്‍ക്കൂ- ഇപ്പോള്‍ തങ്ങള്‍ക്ക് നീതി ലഭിക്കുന്നുവെന്ന് തോന്നിത്തുടങ്ങിയതായും ഇരുവരും വ്യക്തമാക്കി.
ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍നബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ് / സ്‌കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാര്‍ട്ട് വര്‍ക്ക്സിന്റെ നിതീഷ് സര്‍ദ എന്നിവര്‍ നായിക്കിന്റെ കോണ്‍കോഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡിന് യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം എന്നിങ്ങനെ പണം നല്‍കാനുണ്ടെന്നാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നത്.

