ഷോപിയാനില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടുന്നു

Update: 2021-06-23 12:01 GMT

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയും സായുധരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. ഷോപിയാന്‍ ജില്ലയിലെ ഷിര്‍മല്‍ പ്രദേശത്താണ് ഇരുകൂട്ടരും തമ്മില്‍ വെടിവയ്പു തുടരുന്നത്. സിആര്‍പിഎഫ് പ്രദേശം വളഞ്ഞിരിക്കുകയാണ്.

കശ്മീര്‍ പോലിസും സുരക്ഷാ സേനയും സംയുക്തമായാണ് നീങ്ങുന്നതെന്ന് കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏത് ഗ്രൂപ്പാണ് ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ടിട്ടുളളതെന്ന് വ്യക്തമല്ല. നിരവധി സായുധര്‍ പ്രദേശത്ത് കുടുങ്ങിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പട്രോളിങ് പാര്‍ട്ടിയുടെ നേര്‍ക്ക് ഏകപക്ഷീയമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

തിങ്കളാഴ്ച സിആര്‍പിഎഫുമായി സമാനമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഷോപിയാനിലെ സെയ്‌നപോറയിലാണ് അത് നടന്നത്. അന്ന് ആര്‍ക്കും പരിക്കേല്‍ക്കുകയോ പ്രശ്‌നങ്ങളുണ്ടാവുകയോ ചെയ്തിരുന്നില്ല.