അരീക്കോട് താലൂക്ക് ആശുപത്രിക്ക് ബജറ്റില്‍ അനുവദിച്ച 25 കോടി ഫണ്ട് നഷ്ടമായേക്കും
അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടവും സൗകര്യവും ഒരുക്കുന്നതിനായി ബജറ്റില്‍ അനുവദിച്ച 25 കോടി അഡ്മിനിസ്‌ട്രേഷന്‍ അനുമതി ലഭ്യമാക്കുന്നത് വൈകിപ്പിക്കുന്നതിലൂടെ നഷ്ടമായേക്കും.
അഡ്മിനിസ്‌ട്രേഷന്‍ അനുമതി നീട്ടികൊണ്ടു പോയതിനു പിന്നില്‍ ഭൂമാഫിയയുടെ ഇടപ്പെടലെന്ന് ആരോപണമുയരുന്നുണ്ട്.
ആരോഗ്യ വകുപ്പിന് കീഴില്‍ അരിക്കോട് ഒരു ഏക്കറോളം ഭൂമി ഉണ്ടായിരിക്കെ മറ്റ് പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി വാങ്ങിക്കാനുള്ള നീക്കമാണ് ആരോപണത്തിനു കാരണം.
സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട ഭൂമിയില്‍ ആശുപത്രി കെട്ടിടം പണിയാനുള്ള 25 കോടിയാണ് ബന്ധപ്പെട്ടവരുടെ അലംഭാവം മൂലം മാര്‍ച്ച് മാസത്തോടെ നഷ്ടമാവുക. ആശുപത്രിയുടെത്തന്നെ 89 സെന്റ് ഭൂമി സാങ്കേതിക തടസം നീക്കി അനുമതി വാങ്ങാന്‍ താലൂക്ക് ആശുപത്രി വികസന സമിതിയുടെ തീരുമാനം മിനിറ്റ്‌സില്‍ ഒതുക്കുകയായിരുന്നു.
നിലവില്‍ താലൂക്ക് ആശുപത്രിക്കായി സ്ഥലം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭൂമി സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലും ഭൂമി വില കുറവുള്ള പ്രദേശവുമാണ്. ഇവിടെ താലൂക്ക് ആശുപത്രി നിര്‍മിച്ച് സമീപങ്ങളിലായി അനുബന്ധ സ്ഥാപനങ്ങള്‍ ഉയര്‍ത്തി ഭൂമിക്കച്ചവടം നടത്തുകയാണ് ലക്ഷ്യമെന്ന് അരീക്കോട് താലൂക്ക് ആശുപത്രി സംരക്ഷണ സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ആശുപത്രി പണിയുന്നതിന് സാങ്കേതിക തടസം പറഞ്ഞ് നീട്ടുന്നതില്‍ ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്ന് സംശയമുയരുന്നുണ്ട്.
അരീക്കോട് താലൂക്ക് ആശുപത്രി വികസന സമിതിയുടെ അലംഭാവവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലമാണ് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 25 കോടി അഡ്മിനിസ്‌ട്രേഷന്‍ അനുമതി ലഭിക്കാത്തതു മൂലം നഷ്ടമാകുന്നത്. ഫണ്ട് നഷ്ടമാകുന്നതിനു പിന്നിലെ രാഷ്ട്രീയ ഇടപെടലും ഒരാഴ്ചയായി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
