നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി അരീക്കോട് ജനമൈത്രി പോലിസ്

Update: 2021-07-02 18:56 GMT

അരീക്കോട്: അരീക്കോട് ജനമൈത്രി പോലിസ് സ്റ്റേഷനിലെ പോലിസുകാരുടെ സഹായത്തില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കി. 77കാരനായ മാരനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ചുനല്‍കിയത്.

പോലിസ് ഓഫിസര്‍മാരായ സുബ്രഹ്‌മണ്യന്‍, അസ്ഹറുദ്ദീന്‍ എന്നിവര്‍ ആതാടി ഭാഗത്ത് ബീറ്റ് നടത്തുമ്പോഴാണ് പൊളിഞ്ഞ വീട് ശ്രദ്ധയില്‍ പെടുന്നത്. 77കാരനായ മാരന്‍, മകന്‍ സുബ്രഹ്‌മണ്യന്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. വീടിന്റെ അവസ്ഥ പോലിസ് ഉദ്യോഗസ്ഥര്‍ എസ്എച്ച്ഒ ബിനു തോമസിനെ അറിയിച്ചു. അദ്ദേഹത്തിന്റെയും ജനമൈത്രി പോലിസിലെ സഹപ്രവര്‍ത്തകരുടെയും പോലിസ് വാളണ്ടിയര്‍മാരുടെയും നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും സഹായത്തോടെ വീട് പണി തുടങ്ങി. അബൂബക്കര്‍ കമ്പളവന്‍ എന്നയാളാണ് ഭൂമി നല്‍കിയത്.

കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫ് ഗൃഹപ്രവേശനം ഉദ്ഘാടനം നടത്തി. അരീക്കോട് ഇന്‍സ്‌പെക്ടര്‍ എ ഉമേഷ്, എസ്‌ഐ വി വി വിമല്‍, സിപിഒ സുബ്രഹ്‌മണ്യന്‍, അസ്ഹറുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ സൈനബ, പോലിസ് വളണ്ടിയര്‍ ബാബു, സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

സന്നദ്ധ പ്രവര്‍ത്തകരുടെയും പോലിസിന്റെയും നേതൃത്വത്തില്‍ ചെമ്പാ പറമ്പില്‍ മറ്റൊരു വീട് കൂടി പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അരീക്കോട് ഇന്‍സ്‌പെക്ടര്‍ ഉമേഷ് പറഞ്ഞു.