അരവണ പായസടിന്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി

ശബരിമലയിലെത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ വന്‍ വില കൊടുത്ത് വാങ്ങുന്ന അരവണ പായസ പ്രസാദം കാലപ്പഴക്കം ചെന്നതാണെന്ന ആക്ഷേപം നേരത്തെയും ഉയര്‍ന്നിരുന്നു.

Update: 2020-01-07 18:00 GMT

പെരിന്തല്‍മണ്ണ: ശബരിമലയില്‍ നിന്നുള്ള അരവണ പായസ ടിന്‍ പൊട്ടിത്തെറിച്ചത് വന്‍ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീട്ടിലെ മേശപ്പുറത്ത് വെച്ചിരുന്ന രണ്ട് അരവണ പായസ ടിന്നില്‍ ഒന്നിന്റെ അടിഭാഗമാണ് പൊട്ടിത്തെറിച്ചത്. ഇഎംഎസ് ആശുപത്രിയിലെ ഡോക്ടര്‍ സോമനാഥന്റെ വീട്ടിലാണ് സംഭവം.

മേശക്ക് സമീപം താഴെ കിടന്നിരുന്ന കുഞ്ഞിന്റെ കാലിലേക്കാണ് പൊട്ടിയ അരവണടിന്‍ തെറിച്ച് വീണത്. ആറ് മാസം പ്രായമുള്ള കുഞ്ഞിന് കുഴപ്പമൊന്നുമില്ല. ടിന്‍ പൊട്ടിയ ശേഷം പുറത്ത് വന്ന അരവണപായസം പഴകി നുര വന്ന് ദുര്‍ഗന്ധം വമിക്കുന്നതായിരുന്നു. കാലപ്പഴക്കത്താല്‍ കേട് വന്ന അരവണയില്‍ നിന്ന് ഉയര്‍ന്ന ഗ്യാസിന്റെ മര്‍ദ്ദം താങ്ങാനാവാതെ ടിന്‍ പൊട്ടിത്തെറിച്ചതാവാമെന്നാണ് കരുതുന്നത്. വീട്ടുകാര്‍ക്ക് ലഭിച്ച രണ്ടാമത്തെ അരവണ ടിന്നും പഴക്കം ചെന്നതാണെന്നും കുടുംബം പറയുന്നു.

ശബരിമലയിലെത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ വന്‍ വില കൊടുത്ത് വാങ്ങുന്ന അരവണ പായസ പ്രസാദം കാലപ്പഴക്കം ചെന്നതാണെന്ന ആക്ഷേപം നേരത്തെയും ഉയര്‍ന്നിരുന്നു. അതേസമയം മകരവിളക്കിന് കേവലം ഒരാഴ്ച മാത്രം ശേഷിക്കേ തീര്‍ത്ഥാടക പ്രവാഹം വര്‍ധിച്ച സാഹചര്യത്തില്‍ ദേവസ്വം അധികൃതര്‍ 15 ലക്ഷം ടിന്‍ അരവണയും രണ്ട് ലക്ഷം കവര്‍ അപ്പവും തയ്യാറാക്കി കഴിഞ്ഞതായി റിപോര്‍ട്ടുണ്ടായിരുന്നു. 

Tags:    

Similar News