2022-23 വാര്‍ഷിക പദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം

Update: 2022-01-14 00:42 GMT

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സമ്പൂര്‍ണ്ണ യോഗം 2022-23 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. മാനവശേഷി വികസനം, വിജ്ഞാനം, സുസ്ഥിര വളര്‍ച്ച എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരത്തെത്തുടര്‍ന്ന് വാര്‍ഷിക പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. 

തൊഴില്‍, പശ്ചാത്തലസൗകര്യ വികസനം, വരുമാനം ഉറപ്പുനല്‍കുന്ന സേവനങ്ങള്‍, നൈപുണ്യ വികസനം, ശാസ്ത്രസാങ്കേതികവിദ്യ, ഉന്നതവിദ്യാഭ്യാസം എന്നിവയുടെ ഊര്‍ജ്ജിത പുരോഗതി ഉറപ്പുവരുത്തി അതിലൂടെ വരുമാനം വര്‍ധിപ്പിച്ച് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനം ആസൂത്രണത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും കാര്യത്തില്‍ അനേകം വെല്ലുവിളികള്‍ നേരിടുന്നതായും കേന്ദ്രസംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ നിലവിലുള്ള പരിമിതികള്‍ക്കുള്ളിലും വിഭവസമാഹരണത്തില്‍ സംസ്ഥാനങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കുള്ളിലും ആധുനികവും സമ്പദ് സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ഉന്നംവെച്ചുള്ളതാണ് 2022-23 വാര്‍ഷിക പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ മേഖലകളിലെ ചെലവഴിക്കലുകള്‍ വര്‍ധിപ്പിക്കുക, സാമൂഹ്യക്ഷേമം, ലിംഗനീതി എന്നിവയിലെ നേട്ടങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുക, ഉല്‍പാദന ശക്തികളുടെ അതിവേഗ വളര്‍ച്ചകയ്ക്കായി മാനവ വിഭവശേഷി ഉപയോഗപ്പെടുത്തുക, കൃഷി, വ്യവസായം, പശ്ചാത്തലസൗകര്യങ്ങള്‍, വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, വരുമാനം ഉറപ്പാക്കുന്ന സേവനങ്ങള്‍ എന്നിവയില്‍ ശാസ്ത്രസാങ്കേതികവിദ്യയും ആധുനിക നൈപുണ്യങ്ങളും പ്രയോഗിക്കുക, തൊഴില്‍ദായകവും ഉല്‍പാദനക്ഷമവുമായ സമ്പദ്ഘടന കെട്ടിപ്പടുക്കുക, ഉന്നതവിദ്യാഭ്യാസം ആധുനികവല്‍ക്കരിക്കുക, അതിദാരിദ്ര്യം ഇല്ലാതാക്കുക, ശാസ്ത്രീയമായി മാലിന്യ നിര്‍മ്മാര്‍ജ്ജനം ചെയ്യുക, പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തി പുരോഗതിയുടെ ചാലക ശക്തികളാക്കുക, എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വികസന പ്രക്രിയ നടപ്പിലാക്കുക എന്നിവയ്‌ക്കെല്ലാം ഊന്നല്‍ കൊടുക്കുന്നതാണ് 2022-23 വാര്‍ഷിക പദ്ധതി.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍ കുട്ടി, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഡോ വി. കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഫിനാന്‍സ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ ജമീല ബാലന്‍, ഡോ രവി രാമന്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ഡോ ജിജു പി അലക്‌സ്, മിനി സുകുമാര്‍, ഡോ രാം കുമാര്‍, വി നമശിവായം എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News