പ്രിയാ വര്‍ഗീസിന്റെ നിയമനം: ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ വിസി

Update: 2022-08-17 18:13 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമന നടപടി മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. നാളെ അവധിയായതിനാല്‍ വെള്ളിയാഴ്ച കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമനം മരവിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകാലാശാല ചട്ടം 1996 വകുപ്പ് 7/3 പ്രകാരമായിരുന്നു നടപടി. 

സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനെതിരേ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും നടക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ തുറന്നടിച്ചിരുന്നു. തനിക്ക് ചാന്‍സലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Tags:    

Similar News